റിയാദ്: റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ പള്ളികൾ പാലിക്കേണ്ട വിപുലമായ മാർഗനിർദേശങ്ങൾ സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. പള്ളികളിലെ നമസ്കാര ദൃശ്യങ്ങൾ ഒരു തരത്തിലുള്ള മാധ്യമങ്ങൾ വഴിയും തത്സമയം സംപ്രേഷണം ചെയ്യാൻ പാടില്ലെന്നതാണ് പ്രധാന നിർദേശം. നമസ്കാര വേളയിൽ ഇമാമിനെയോ വിശ്വാസികളെയോ കാമറയിൽ ചിത്രീകരിക്കുന്നത് ഒഴിവാക്കണം. പള്ളികളിൽ കാമറകൾ സ്ഥാപിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കണം. നമസ്കാരം ഏതെങ്കിലും വിധത്തിലുള്ള മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സംപ്രേഷണം ചെയ്യുന്നത് കർശനമായി നിരോധിച്ചു.
വിശ്വാസികൾക്ക് സൗകര്യപ്രദമായ രീതിയിൽ തറാവീഹ് നമസ്കാരം ക്രമീകരിക്കണം. ഉമ്മുൽ ഖുറ കലണ്ടർ പ്രകാരമുള്ള സമയക്രമം കൃത്യമായി പാലിക്കണം. ഇശാ, ഫജ്ർ നമസ്കാരങ്ങളിൽ ബാങ്കിനും ഇഖാമത്തിനുമിടയിലുള്ള സമയം 15 മിനിറ്റായി നിജപ്പെടുത്തിയിട്ടുണ്ട്. പള്ളികളിൽ ഇഫ്താർ പരിപാടികൾക്കായി സാമ്പത്തികമായ സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചു. ഇമാമിന്റെയോ മുഅദ്ദിന്റെയോ മേൽനോട്ടത്തിൽ പള്ളി മുറ്റങ്ങളിൽ നിശ്ചയിച്ച സ്ഥലങ്ങളിൽ ഇഫ്താർ സംഘടിപ്പിക്കാം. വിരുന്നിന് ശേഷം ഈ സ്ഥലങ്ങൾ ഉടനടി വൃത്തിയാക്കണം. കുപ്പിവെള്ള സംഭാവനകൾ ആവശ്യത്തിന് മാത്രം സ്വീകരിക്കുകയും അവ വെയർഹൗസുകളിൽ കുന്നുകൂടുന്നത് ഒഴിവാക്കുകയും വേണം.
ഇമാമുമാരും മുഅദ്ദിനുകളും കൃത്യനിഷ്ഠ പാലിക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ ജോലികളിൽ നിന്ന് വിട്ടുനിൽക്കാൻ പാടില്ല. ഔദ്യോഗിക അനുമതിയോടെ വിട്ടുനിൽക്കേണ്ടി വന്നാൽ പകരം ചുമതല വഹിക്കുന്നവർ രേഖാമൂലം ഉറപ്പ് നൽകേണ്ടതുണ്ട്. ‘ഖുനൂത്ത്’ പ്രാർഥനകൾ ലളിതവും ദീർഘിപ്പിക്കാത്തതുമാകണം. പ്രവാചക ചര്യക്കനുസരിച്ചുള്ള ആധികാരിക പ്രാർഥനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഏകാന്തവാസം (ഇഅ്തികാഫ്) ഇരിക്കുന്നവരുടെ വിവരങ്ങൾ പരിശോധിക്കണം.
വിദേശികളാണെങ്കിൽ സ്പോൺസർമാരുടെ അനുമതി പത്രം നിർബന്ധമാണ്. പള്ളി പരിസരങ്ങളിൽ യാചന തടയണം. നിയമലംഘനങ്ങൾ കണ്ടാൽ സുരക്ഷാ അധികാരികളെ അറിയിക്കണം. സകാത്തും ദാനധർമങ്ങളും അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പള്ളികളും സ്ത്രീകളുടെ നമസ്കാര സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് അറ്റകുറ്റപ്പണി സംഘങ്ങൾ ഉറപ്പുവരുത്തണം. നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് സൂപ്പർവൈസർമാർ നിരീക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.