റിയാദ്: പഞ്ചഗുസ്തി മത്സരത്തിൽ 16 രാജ്യങ്ങളോട് ഇന്ത്യക്ക് വേണ്ടി മുഷ്ടി പിടിച്ചത് ദേശീയ ചാമ്പ്യനായ മലയാളി എം.എ ദിൽഷാദ്. റിയാദിൽ നടക്കുന്ന മൂന്നാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഒട്ടകമേളയിലെ നാടോടി കായികയിനങ്ങളുടെ (നൊമാഡിക് ഗെയിംസ്) രാജ്യാന്തര മത്സരത്തിൽ ഇൗ ഇരുപതുകാരൻ മിടുക്കന് മൂന്ന് രാജ്യ-ങ്ങളെ മലർത്തിയടിക്കാനായെങ്കിലും റൈറ്റ് ഹാൻഡിൽ ഏഴും ലെഫ്റ്റ് ഹാൻഡിൽ എട്ടും സ്ഥാന-ങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. റിയാദ് നഗരത്തിൽ നിന്ന് 110 കിലോമീറ്ററകലെ റൂമ പട്ടണത്തിലെ ഫെസ്റ്റിവൽ നഗരിയിൽ തിങ്കളാഴ്ചയായിരുന്നു പഞ്ചഗുസ്തി മത്സരം. ഫെബ്രുവരി 19ന് തുടങ്ങിയ മേളയിലെ അവസാന 11 ദിവസമാണ് നാടോടി കായിക മത്സരങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ഇൗ മാസം ഒമ്പതിനായിരുന്നു മത്സരങ്ങളുടെ തുടക്കം. 19ന് അവസാനിക്കും. തിങ്കളാഴ്ച മാത്രമായിരുന്നു ഗുസ്തിയിനങ്ങളിലെ മത്സരങ്ങൾ. പഞ്ചഗുസ്തിയിനത്തിൽ 17 രാജ്യങ്ങൾ മത്സരിച്ചു. ലെഫ്റ്റ്, റൈറ്റ് ഹാൻഡ് വിഭാഗങ്ങളിൽ ആറ് രാജ്യങ്ങളോടാണ് ദിൽഷാദ് പൊരുതിയത്. അസർബൈജാൻ, നൈജീരിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളെ മലർത്തിയടിച്ചെ-ങ്കിലും സ്പെയിൻ ഉൾപ്പെടെ ബാക്കി രാജ്യങ്ങളോട് വഴങ്ങേണ്ടിവന്നു. ശരീരഭാരത്തിെൻറ വേർതിരിവില്ലാതെ ഒാപൺ കാറ്റഗറിയായി നടന്ന മത്സരത്തിൽ പലതരം ഭാരക്കാരോടാണ് 110 കിലോക്കാരനായ ദിൽഷാദിന് മുഷ്ടി പിടിക്കേണ്ടിവന്നത്. എന്നിട്ടും 17ൽ ഏഴും എട്ടും സ്ഥാനങ്ങളുറപ്പിച്ച് ഇന്ത്യൻ സാന്നിദ്ധ്യം ശക്തമായി അറിയിക്കാൻ കഴിഞ്ഞതിെൻറ ആഹ്ലാദത്തിലാണ് ഇൗ പെരുമ്പാവൂർകാരൻ. കൗമാരം പിന്നിട്ടിേട്ടയുള്ളൂ ഇൗ കോളജ് കുമാരന്. എന്നിട്ടും മൽപ്പിടുത്തം നടത്തിയത് ലോകചാമ്പ്യന്മാരടക്കമുള്ളവരോടാണ്. മേളനഗരിയിൽ മാനത്തേക്കുയർന്ന് പാറിയ മൂവർണ ദേശീയ പതാകയുടെ ചുവട്ടിൽ അതുകൊണ്ട് തന്നെ അഭിമാനത്തോടെയാണ് ദിൽഷാദും കോച്ച് ഹൈദരാബാദ് സ്വദേശി മുസ്തഫ അലിയും നിന്നത്. ഇന്ത്യയെ സൗദി മണ്ണിൽ അടയാളപ്പെടുത്താനായ ആഹ്ലാദത്തിലാണ് കോച്ച് മുസ്തഫ അലി. ഇൗ വർഷം മുതൽ 10 വർഷത്തെ കരാറാണ് സൗദിയധികൃതരും ഇന്ത്യൻ ആം റെസലിങ് ഫെഡറേഷനും തമ്മിലുണ്ടാക്കിയിട്ടുള്ളത്. വരും വർഷങ്ങളിൽ ഇന്ത്യ വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷയാണ് കോച്ച് പങ്കുവെച്ചത്. ഇൗ മാസം ഏഴിന് റിയാദിലെത്തിയ ഇരുവരും 19ന് ഇന്ത്യയിലേക്ക് മടങ്ങും. കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിൽ ആദ്യ വർഷ ബിരുദ വിദ്യാർഥിയായ ദിൽഷാദ് പെരുമ്പാവൂരിലെ മൂത്തേടത്ത് കുടുംബാംഗമാണ്. അബൂബക്കർ, ജമീല ദമ്പതികളുടെ രണ്ടാൺമക്കളിൽ ഇളയവൻ. ജ്യേഷ്ഠൻ അൽത്താഷ് ചെന്നൈയിൽ മെക്കാനിക്കൽ എൻജിനീയറാണ്. ഒാക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുേമ്പാഴാണ് പഞ്ചഗുസ്തിയിൽ താൽപര്യം ജനിച്ചത്. പെരുമ്പാവൂരിലെ ബിജൂസ് ഗോൾഡൻ ജിമ്മിലെ മെയഭ്യാസങ്ങൾക്കിടയിൽ പൊട്ടിമുളച്ച ആഗ്രഹം എട്ടാം ക്ലാസുകാരനെ 2013ലെ കേരള ആം റെസലിങ് അസോസിയേഷൻ ജില്ലാതല ജൂനിയർ മത്സരത്തിലെത്തിച്ചു. അരങ്ങേറ്റത്തിൽ തന്നെ ചാമ്പ്യനായി. അതേവർഷം സംസ്ഥാനതലത്തിലും ജൂനിയർ വിഭാഗത്തിൽ ചാമ്പ്യൻ പട്ടമണിഞ്ഞതോടെ തെൻറ മേഖല ഏതാണെന്ന് അവൻ തിരിച്ചറിഞ്ഞു. ആ വർഷം ദേശീയതലത്തിൽ മൂന്നാം സ്ഥാനത്തുമെത്തി. 2015ൽ ഉത്തരാഖണ്ഡിൽ നടന്ന ടൂർണമെൻറിൽ ആദ്യമായി ജൂനിയർ വിഭാഗം ദേശീയ ചാമ്പ്യനായി. അതേ ടൂർണമെൻറിൽ എല്ലാ വിഭാഗങ്ങളിലേയും ചാമ്പ്യന്മാർ തമ്മിൽ നടന്ന മത്സരത്തിൽ ജയിച്ച് ചാമ്പ്യന്മാരുടെ ചാമ്പ്യൻ പട്ടവും നേടി. 2016ൽ ഛത്തീസ്ഗഢിലെ ടൂർണമെൻറിൽ സീനിയർ വിഭാഗത്തിലേക്ക് കയറ്റം കിട്ടി, രണ്ടാം സ്ഥാനത്തെത്തി. 2017ൽ ഡൽഹിയിൽ മൂന്നാം സ്ഥാനത്തായി ഒന്ന് മങ്ങിയെങ്കിലും 2018ൽ ലക്നോയിൽ ലെഫ്റ്റ് ഹാൻഡിലും റൈറ്റ് ഹാൻഡിലും സീനിയർ വിഭാഗത്തിൽ ആദ്യ ദേശീയ ചാമ്പ്യൻപട്ടം നേടി തിളങ്ങി. ഇൗ ധൈര്യത്തിലാണ് തുർക്കിയിൽ നടന്ന രാജ്യാന്തര മത്സരത്തിലേക്ക് രാജ്യം അയച്ചത്. 46 രാജ്യങ്ങൾക്കിടയിൽ എട്ടാം സ്ഥാനം നേടി. ദിൽഷാദിെൻറ രണ്ടാമത്തെ രാജ്യാന്തര മത്സരമായിരുന്നു റിയാദിലേത്. കോച്ച് മുസ്തഫ അലി മുൻ ദേശീയ ചാമ്പ്യനും ഇന്ത്യൻ ആം റെസലിങ് ഫെഡറേഷൻ ഹെഡ് റഫറിയും തെലങ്കാന ആം റെസലിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ്. ഇന്ത്യൻ ഫെഡറേഷൻ പ്രസിഡൻറും ഏഷ്യാ ആം റെസലിങ് ഫെഡറേഷൻ വൈസ് പ്രസിഡൻറുമായ ഹാഷിം റിസ സാബിത്ത് മുൻകൈയ്യിലാണ് കിങ് അബ്ദുൽ അസീസ് ഒട്ടകമേളയുമായി 10 വർഷത്തേക്ക് ഉടമ്പടി സാധ്യമായത്. റിയാദിലെ പഞ്ചഗുസ്തി മത്സരത്തിൽ ബൾഗേറിയക്കാണ് ഒന്നാം സ്ഥാനം. മാൽദോവ രണ്ടും ഉസ്ബക്കിസ്താൻ മൂന്നും സ്ഥാനങ്ങൾക്കർഹരായി. 1200 ഡോളറാണ് ഒന്നാം സമ്മാനം. 700 ഉം 500 ഉം രണ്ടും മൂന്നും സമ്മാനങ്ങൾ. ഒട്ടകമേള ഇൗ മാസം 20ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.