റിയാദ്: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ ഔദ്യോഗികമായി സ്വാഗതം ചെയ്തു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാകിസ്താൻ നടത്തിയ നിർണായകമായ മധ്യസ്ഥ ശ്രമങ്ങളെ രാജ്യം പ്രശംസിച്ചു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹബാസ് ഷെരീഫും സംയുക്തമായി നടത്തിയ വെടിനിർത്തൽ പ്രഖ്യാപനത്തെ പിന്തുണച്ച് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഷഹബാസ് ഷെരീഫിന്റെയും, പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറിന്റെയും ഫലപ്രദമായ ഇടപെടലുകൾ ഈ സുപ്രധാന കരാറിലെത്തുന്നതിൽ വലിയ പങ്കുവഹിച്ചതായി മന്ത്രാലയം എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അസ്ഥിരതക്ക് പരിഹാരം കാണുന്നതിനും മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
1982ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച്, ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് സൗദി ഊന്നിപ്പറഞ്ഞു.
ഈ വെടിനിർത്തൽ മേഖലയിൽ സുസ്ഥിരമായ സമാധാനത്തിന് വഴിയൊരുക്കുമെന്ന് രാജ്യം പ്രത്യാശ പ്രകടിപ്പിച്ചു. അയൽരാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള കടന്നുകയറ്റങ്ങളും നയങ്ങളും അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇന്നലെ പുലർച്ചെയാണ് വാഷിങ്ടണും ടെഹ്റാനും രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായതായി ട്രംപും ശഹബാസ് ഷെരീഫും അറിയിച്ചത്. ഈ കാലയളവിൽ ഇരു രാജ്യങ്ങളും തമ്മിൽ സ്ഥിരമായ സമാധാന കരാറിനായി ചർച്ചകൾ നടത്തും. കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായി തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.