ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസിൽ
റിയാദ്: ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനും വിതരണ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസിൽ വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കും സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അന്താരാഷ്ട്ര സഹകരണത്തിലൂടെ ഊർജ്ജ പ്രവാഹവും വിതരണവും സംരക്ഷിക്കുക, ആഗോള വികസനത്തെ പിന്തുണക്കുക’ എന്ന പ്രമേയത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സമ്പദ്വ്യവസ്ഥയുടെയും അന്താരാഷ്ട്ര വിതരണ ശൃംഖലയുടെയും നിലനിൽപ്പിന് അന്താരാഷ്ട്ര സമുദ്രപാതകളുടെ സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. അൽ-വാസിൽ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
പ്രത്യേകിച്ച്, ഹുർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ് കടലിടുക്ക് എന്നിവയുടെ സുരക്ഷയുടെ കാര്യത്തിൽ ലോകരാജ്യങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും സിവിലിയൻ സ്ഥാപനങ്ങൾക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത്തരം പ്രവണതകൾ സമുദ്ര ഗതാഗതത്തിനും ആഗോള വിതരണ ശൃംഖലക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സമുദ്രപാതകളുടെ സുരക്ഷ നിലനിർത്തുന്നതിനും സുരക്ഷിതമായ കപ്പൽയാത്ര ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര ഏകോപനം ശക്തിപ്പെടുത്തേണ്ടതും അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കേണ്ടതും അനിവാര്യമാണെന്നും സൗദി പ്രതിനിധി കൂട്ടിച്ചേർത്തു. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കുന്നത് സംബന്ധിച്ച് ബഹ്റൈൻ സമർപ്പിച്ച 2817ാം നമ്പർ പ്രമേയത്തെ സൗദി അറേബ്യ പൂർണ്ണമായി പിന്തുണക്കുന്നതായി ഡോ. അൽ വാസിൽ വ്യക്തമാക്കി. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള ശക്തമായ ചുവടുവെപ്പായ ഈ പ്രമേയത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ പിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളിലെ ഊർജ്ജ ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിനും, വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഊർജ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി, ഓരോ രാജ്യത്തിന്റെയും ദേശീയ സാഹചര്യങ്ങളും വികസന മുൻഗണനകളും കണക്കിലെടുത്തുകൊണ്ട്, പരസ്പര സഹകരണവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഒരു സമഗ്ര സമീപനം സ്വീകരിക്കാൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.