റിയാദ്: കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നീ കേസുകളിൽ പ്രതികളായ രണ്ട് വിദേശ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് മദീനയിലും കിഴക്കൻ പ്രവിശ്യയിലുമായാണ് ശിക്ഷാവിധികൾ നടപ്പാക്കിയത്.
മദീന മേഖലയിൽ ഒരു സ്ത്രീയെ ചതിയിലൂടെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത കേസിൽ കെനിയൻ സ്വദേശിയായ മസൂദ് മുഹമ്മദ് മസൂദിെൻറ വധശിക്ഷയാണ് നടപ്പാക്കിയത്.
പ്രതി മസൂദ് മുഹമ്മദ്, കെനിയൻ സ്വദേശിനിയായ സോഫിയ മുഹമ്മദ് കിബാൻഡയെ ജനവാസമില്ലാത്ത സ്ഥലത്തേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി. തുടർന്ന് കയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും, തെളിവ് നശിപ്പിക്കാനായി മൃതദേഹത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി വികൃതമാക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയും അന്വേഷണത്തിൽ കുറ്റം തെളിയുകയും ചെയ്തു. ചതിയിലൂടെയും വഞ്ചനയിലൂടെയും നടത്തിയ കൊലപാതകമായതിനാൽ ഇതിനെ ‘ഹദ്ദ് അൽ ഗീല’ (അതിക്രൂരമായ വഞ്ചനാപരമായ കൊലപാതകം) എന്ന ഗണത്തിൽപ്പെടുത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. സുപ്രീം കോടതി ഈ വിധി ശരിവെക്കുകയും രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിനെത്തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്.
മറ്റൊരു കേസിൽ, ഹെറോയിൻ കടത്തിയ കുറ്റത്തിന് പാകിസ്താൻ പൗരനായ ആബിദ് ലക്ക അലിയുടെ വധശിക്ഷ (തഅ്സീർ) കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കി. മയക്കുമരുന്ന് കടത്തുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലായ ഇയാൾക്കെതിരെയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും കുറ്റം തെളിയിക്കപ്പെടുകയും ചെയ്തു. സമൂഹത്തിൽ വലിയ നാശമുണ്ടാക്കുന്ന മയക്കുമരുന്ന് വിപത്തിനെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ന് ശിക്ഷ നടപ്പിലാക്കി.
രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും നീതി നടപ്പാക്കുന്നതിനും സൗദി ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളുടെ രക്തം ചിന്തുന്നവർക്കും സമൂഹത്തിെൻറ സുരക്ഷ തകർക്കുന്നവർക്കും ശരീഅത്ത് നിയമപ്രകാരമുള്ള കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ തുനിയുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.