സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും (ഫയൽ ചിത്രം)

സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി; മേഖലയിലെ സമാധാനത്തിന് പുതിയ നയതന്ത്ര നീക്കം

റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യയുടെയും ഇറാന്‍റെയും വിദേശകാര്യ മന്ത്രിമാർ നിർണായക ചർച്ച നടത്തി.

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഫോണിലൂടെ സംസാരിച്ചത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും വർധിച്ചുവരുന്ന പിരിമുറുക്കങ്ങളും ഇരു നേതാക്കളും വിശദമായി അവലോകനം ചെയ്തു. സംഘർഷങ്ങളുടെ തീവ്രത കുറക്കുന്നതിനും മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും സംഭാഷണത്തിൽ ഊന്നൽ നൽകിയത്.

മേഖലയിലെ സമാധാനശ്രമങ്ങളിൽ നിർണായകമായേക്കാവുന്ന ഒരു സുപ്രധാന നീക്കമായാണ് ഈ ചർച്ചയെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

കരാർ ലംഘിച്ചാൽ യുദ്ധം പുതുക്കും -ട്രംപ്

വാഷിങ്ടൺ: യു.എസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്. യഥാർഥ കരാറിൽ എത്തുന്നതു വരെ സൈന്യം ഇറാന്റെ അതിർത്തികളിൽ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനെ പൂർണമായും തകർക്കാൻ ശേഷിയുള്ള ആയുധങ്ങളും വെടിക്കോപ്പുകളുമായി യു.എസ് കപ്പലുകളും വിമാനങ്ങളും സൈനികരും ഇറാന് ചുറ്റും നിലയുറപ്പിക്കും. ഹുർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകുമെന്നും ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്നും വെടിനിർത്തൽ സമയത്ത് ഇറാൻ ഉറപ്പുനൽകിയിട്ടുണ്ട്.

ഇത് ലംഘിച്ചാൽ പ്രത്യാഘാതം കഠിനമായിരിക്കും. കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ ഇതിനുമുമ്പ് ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. പിന്നെ വെടിവെപ്പ് തുടങ്ങും എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Tags:    
News Summary - Saudi and Iranian foreign ministers hold talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.