ബലിമാംസം യമൻ, സോമാലിയ എന്നിവിടങ്ങളിലേക്ക്

യാംബു: ബലിപെരുന്നാളിന്റെ ഭാഗമായി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിന്റെ കീഴിൽ ആറുലക്ഷത്തിലധികം മൃഗങ്ങളെ ബലിയറുത്തതായി അധികൃതർ അറിയിച്ചു. ആട്, പശു, ഒട്ടകം എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ബലികളാണ് വിവിധ ഭാഗങ്ങളിൽ പൂർത്തിയാക്കിയത്. ബലികർമം ഏറ്റവും കൂടുതൽ എണ്ണം റിപ്പോർട്ട് ചെയ്തത് മക്കയിലെ അറവുശാലകളിലായിരുന്നു. മന്ത്രാലയത്തിന്റെ അറവുശാലകളിലെ ബലികർമങ്ങളുടെ എണ്ണം 1,02,200 ആണ്. കിഴക്കൻ പ്രവിശ്യയിൽ 37,050 ബലികളും മദീനയിൽ 36,700 ബലികളും നടന്നു. മക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബലി നടന്നത് റിയാദിലാണ്. ഈദുൽ അദ്ഹ (ബലി പെരുന്നാൾ) ദിനങ്ങളിൽ ഇസ്‌ലാമിക വിശ്വാസപ്രകാരം മൃഗങ്ങളെ ബലിയറുത്ത് നിർധനരായ ആളുകൾക്ക് വ്യവസ്ഥാപിതമായി മാംസം എത്തിക്കാൻ ബൃഹത്തായ പദ്ധതിയാണ് സൗദി ഭരണകൂടം നടപ്പാക്കുന്നത്.

കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിലാണ് ബലി മാംസം വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്. യമൻ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ നിർധനരായ കുടുംബങ്ങൾക്കും രോഗികൾക്കും അനാഥർക്കും ഇതിനകം ബലി മാംസം വിതരണം ചെയ്തു. യമനിലെ മൻസൗറ, ശൈഖ് ഉസ്‌മാൻ, ഏദൻ, ദാർ സാദ് എന്നിവിടങ്ങളിലെ നാലായിരം കുടുംബങ്ങളിലെ 2,800 പേർക്ക് പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്.. സോമാലിയയിൽ 550 ബലി മൃഗങ്ങളുടെ മാംസമാണ് വിതരണം ചെയ്തത്. സോമാലിയയിലെ വിവിധ പ്രദേശങ്ങളിലുള്ള 48,000 ദരിദ്രരും കുടിയിറക്കപ്പെട്ടവരും വരൾച്ചബാധിതരുമായ ആളുകൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Sacrificial meat to Yemen and Somalia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.