റെഡ് പാലസ്

റിയാദിൽ ബത്​ഹക്ക്​ സമീപമുള്ള ചരിത്രപ്രസിദ്ധമായ ‘റെഡ് പാലസ്’ ആഡംബര ഹോട്ടലാകുന്നു: പുതിയ ലോഗോ പുറത്തിറക്കി

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ‘റെഡ് പാലസ്’ (അൽ ഖസർ അൽ അഹ്​മർ) കൊട്ടാരം ആഡംബര ഹോട്ടലാക്കി ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഇതിന് മുന്നോടിയായി കൊട്ടാരത്തി​ന്‍റെ പുതിയ ലോഗോയും ദൃശ്യരൂപവും പുറത്തിറക്കി. സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടി​ന്‍റെ (പി.ഐ.എഫ്) പൂർണ ഉടമസ്ഥതയിലുള്ള അതിഥിസത്കാര കമ്പനിയായ ‘ബൂട്ടീക് ഗ്രൂപ്പ്’ ആണ് ചരിത്രസ്മാരകമായ ഈ കൊട്ടാരത്തെ അത്യാധുനിക ആഡംബര കേന്ദ്രമാക്കി മാറ്റുന്നത്. ഈ വർഷം തന്നെ ഇതി​ന്‍റെ ഉദ്ഘാടനം ഉണ്ടാകും.

റിയാദ്​ നഗര മധ്യത്തിൽ വാണിജ്യകേന്ദ്രമായ ബത്​ഹയോട്​ ചേർന്നുള്ളതും അൽ മുറബ്ബ/അൽ ഫൂത്ത ഡിസ്​ട്രിക്​റ്റുകളിൽ ഉൾപ്പെടുന്നതും മൂന്നാം സൗദി രാഷ്​ട്രത്തി​ന്‍റെ ഭരണസിരാകേന്ദ്രവുമായിരുന്ന മുറബ്ബ കൊട്ടാരത്തി​ന്‍റെയും നാഷനൽ മ്യൂസിയത്തിന്‍റെയും വളപ്പിൽ സ്ഥിതി ചെയ്യുന്നതുമായ കൊട്ടാരമാണ്​ റെഡ്​ പാലസ്​. ആധുനിക സൗദി അറേബ്യയുടെ രണ്ടാമത്തെ ഭരണാധികാരി സഊദ്​ ബിൻ അബ്​ദുൽ അസീസ്​ രാജാവി​ന്‍റെ ആസ്ഥാന മന്ദിരമായിരുന്നു ഈ കൊട്ടാരം.

കൊട്ടാരത്തി​ന്‍റെ പഴമയും തനിമയും ചോർന്നുപോകാതെയാണ് പുതിയ ലോഗോയും അനുബന്ധ ഡിസൈനുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൊട്ടാരത്തി​ന്‍റെ ഭിത്തികളിലെ പഴയ പ്ലാസ്​റ്റർ കൊത്തുപണികളിൽ കാണുന്ന റോസാപ്പൂവി​ന്‍റെ മാതൃകയിലാണ് ലോഗോയിലെ പ്രധാന ചിഹ്നം തയ്യാറാക്കിയിട്ടുള്ളത്. ലോഗോയ്ക്ക് ചുറ്റുമുള്ള ഡയമണ്ട് ഡിസൈൻ കൊട്ടാരത്തി​ന്‍റെ മുൻവശത്തെ മനോഹരമായ നിർമാണരീതിയിൽനിന്ന് ഉൾക്കൊണ്ടതാണ്. കൂടാതെ കൊട്ടാരത്തിനുള്ളിലെ ഇരുമ്പ് അലങ്കാരപ്പണികളും മറ്റ് തനത് വാസ്തുവിദ്യാ ശൈലികളും അടിസ്ഥാനമാക്കിയാണ് ലോഗോയിലെ വരകളും കോണുകളും തയ്യാറാക്കിയിരിക്കുന്നത്.


സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകവും കൊട്ടാരത്തി​െൻറ ചരിത്രപരമായ പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ദേശീയ ചിഹ്നവും ഈ ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേവലമൊരു ലോഗോ എന്നതിനപ്പുറം, കൊട്ടാരത്തിൽ എത്തുന്ന അതിഥികൾക്ക് ലഭിക്കാൻ പോകുന്ന രാജകീയ അനുഭവത്തി​െൻറയും പരമ്പരാഗത കരകൗശലവിദ്യയുടെയും പ്രതിഫലനമാണ് ഈ പുതിയ രൂപമെന്ന് ബൂട്ടീക് ഗ്രൂപ്പ് മാർക്കറ്റിങ്​ ആൻഡ് ബ്രാൻഡ് മാനേജ്‌മെൻറ്​ മേധാവി സാമി അൽ അഖ്​ല വ്യക്തമാക്കി.

പഴമയും പൈതൃകവും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ അത്യാധുനിക രീതിയിൽ സൗദിയുടെ സാംസ്കാരിക മഹിമ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതി​ന്‍റെ ഭാഗമായി സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട അത്യാഡംബര അതിഥിസത്കാര കേന്ദ്രങ്ങളിലൊന്നായി റെഡ് പാലസ് ഉടൻ മാറും. ഓരോ പ്രദേശത്തിന്‍റെയും തനിമ നിലനിർത്തിക്കൊണ്ട് മികച്ച ഹോസ്പിറ്റാലിറ്റി സേവനം നൽകുകയെന്ന ബൂട്ടീക് ഗ്രൂപ്പി​ന്‍റെ ലക്ഷ്യത്തെക്കൂടിയാണ് ഈ ചുവടുവെപ്പ് വ്യക്തമാക്കുന്നത്.

Tags:    
News Summary - റിയാദ് റെഡ് പാലസ് ഹോട്ടൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.