കിഴക്കൻ പ്രവിശ്യയിൽ വീണ്ടും കാൽപ്പന്ത് ആവേശം ‘എച്ച്.എം.ആർ മാഡ്രിഡ് സോക്കർ 2026’ ഇന്ന് മുതൽ
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഒരിടവേളയ്ക്ക് ശേഷം കാൽപ്പന്ത് പോരാട്ടങ്ങളുടെ ആവേശമുയർത്തി ദമ്മാം മാഡ്രിഡ് എഫ്.സി സംഘടിപ്പിക്കുന്ന ‘എച്ച്.എം.ആർ മാഡ്രിഡ് സോക്കർ 2026’ ഇലവൻസ് ഫുട്ബാൾ ടൂർണമെൻറിന് വ്യാഴാഴ്ച തുടക്കമാകും. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷെൻറ (ഡിഫ) സഹകരണത്തോടെ ദമ്മാം ദഹ്റാൻ സ്പോർട്സ് അക്കാദമിക്ക് സമീപമുള്ള ഓഫ്സൈഡ് അറീന സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക.
ഡിഫക്ക് കീഴിലുള്ള പ്രമുഖരായ 13 ടീമുകളും അണ്ടർ-16 വിഭാഗത്തിൽ കിഴക്കൻ പ്രവിശ്യയിലെ നാല് പ്രമുഖ അക്കാദമി ടീമുകളുമാണ് ടൂർണമെൻറിൽ മാറ്റുരയ്ക്കുന്നത്. ഡിഫയ്ക്ക് കീഴിലുള്ള മാഡ്രിഡ് എഫ്.സി, ബദർ എഫ്.സി, കോർണിഷ് സോക്കർ ക്ലബ് അൽഖോബാർ, ദമ്മാം സോക്കർ എഫ്.സി, ഡി.എഫ്.സി ഖത്തീഫ്, എഫ്.സി ദമ്മാം, ഫോർസ എഫ്.സി, ഇംകോ അൽഖോബാർ, ജുബൈൽ എഫ്.സി, കേപ്വ എഫ്.സി ദമ്മാം, ഖാലിദിയ സ്പോർട്സ് ക്ലബ്, യുണിഗാർബ് ദല്ല എഫ്.സി, യൂത്ത് ക്ലബ് എന്നിവയാണ് ഇലവൻസ് വിഭാഗത്തിൽ മത്സരിക്കുന്നത്.
അണ്ടർ-16 വിഭാഗത്തിൽ ഫോക്കോ സോക്കർ അക്കാദമി, ഗ്രാസ് റൂട്ട് അക്കാദമി, ഡി.എഫ്.സി അക്കാദമി, ജുബൈൽ എഫ്.സി അക്കാദമി എന്നീ ടീമുകളും മാറ്റുരയ്ക്കും. എച്ച്.എം.ആർ കമ്പനി ലിമിറ്റഡാണ് ടൂർണമെൻറിെൻറ ടൈറ്റിൽ സ്പോൺസർ. എ.ആർ എൻജിനീയറിങ് കോ-സ്പോൺസറാകും.
കാൽപന്ത് ആവേശത്തിനൊപ്പം കേരള സംസ്ഥാന സർക്കാരിെൻറ ലഹരി വിരുദ്ധ പദ്ധതിയായ ‘തൂഫാന്’ പ്രവാസ ലോകത്തിെൻറ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടൂർണമെൻറിനോടനുബന്ധിച്ച് മാഡ്രിഡ് എഫ്.സി ‘തൂഫാൻ കിക്ക്’ സംഘടിപ്പിക്കും. ദമ്മാം, അൽ ഖോബാർ, ജുബൈൽ, അൽ അഹ്സ്സ തുടങ്ങിയ കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരങ്ങളിൽ നിന്നായി ആയിരത്തോളം ഫുട്ബാൾ പ്രേമികളും പ്രമുഖ അതിഥികളും ലഹരി വിരുദ്ധ കാമ്പയിനിൽ പങ്കെടുക്കും.
വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ഫുട്ബാൾ മാമാങ്കത്തിലേക്ക് കിഴക്കൻ പ്രവിശ്യയിലെ മുഴുവൻ കാൽപ്പന്ത് ആസ്വാദകരെയും കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി മാഡ്രിഡ് എഫ്.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ യൂസുഫ് ചേറൂർ, ജനറൽ കൺവീനർ സഹീർ മജ്ദാൽ, മുഖ്യ രക്ഷാധികാരി നാസർ വെള്ളിയത്ത്, ഡയറക്ടർ ഷഫീർ മണലോടി, കോഓഡിനേറ്റർമാരായ ഹാരിസ് നീലേശ്വരം, അദ്നാൻ വെള്ളേരിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.