യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണം: പ്രവാസി വെൽഫെയർ
ജുബൈൽ: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ വാണിജ്യ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം സാധാരണക്കാർക്ക് കടുത്ത തിരിച്ചടിയാകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽനിന്ന് വ്യതിചലിക്കുന്ന ഈ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ഡിജിറ്റൽ സാമ്പത്തിക രംഗത്തേക്ക് ജനങ്ങളെ ആകർഷിച്ച ശേഷം ഇപ്പോൾ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും ഒരുപോലെ പ്രയാസമുണ്ടാക്കും. ‘സിംപിൾ, ഫാസ്റ്റ്, ഫ്രീ’ എന്ന നിലയിൽ ജനപ്രിയമായ യു.പി.ഐ സംവിധാനത്തിന്മേൽ അധിക ചാർജുകൾ ചുമത്തുന്നത് സാമ്പത്തിക ഭാരം വർധിപ്പിക്കും.
വിവിധ ഘട്ടങ്ങളിൽ നികുതി നൽകുന്ന സാധാരണക്കാരന് സ്വന്തം പണമിടപാടുകൾക്ക് പോലും അധിക തുക നൽകേണ്ടി വരുന്നത് നീതികേടാണ്. അതിനാൽ സാധാരണക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും താല്പര്യം മുൻനിർത്തി ഈ വിജ്ഞാപനം അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.