ന്യൂയോർക്കിൽ ഐക്യരാഷ്​ട്രസഭ ആസ്ഥാനത്ത്​ ജി.സി.സി - ആസിയാൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം

ജി.സി.സി - ആസിയാൻ കൂടിക്കാഴ്ച: സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തമാക്കാൻ ധാരണ

റിയാദ്​/ന്യൂയോർക്ക്: ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സിയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാനും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനമായി. ന്യൂയോർക്കിൽ ഐക്യരാഷ്​ട്രസഭയുടെ പൊതുസഭയുടെ ഉന്നതതല സമ്മേളനം നടക്കുന്നതിനിടയിലാണ് ഇരു കൂട്ടായ്മകളിലെയും വിദേശകാര്യ മന്ത്രിമാരുടെ നിർണായക യോഗം ചേർന്നത്.

യോഗത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്തു. ഇരു മേഖലകളും തമ്മിലുള്ള സൗഹൃദത്തിലും സഹകരണത്തിലും വലിയൊരു മുന്നേറ്റമായാണ് ഈ യോഗം വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള നല്ല ബന്ധം വെറും വാഗ്ദാനങ്ങളായി ഒതുക്കാതെ, ഇരു കൂട്ടരുടെയും പൊതുവായ നന്മയ്ക്കായി പ്രായോഗിക പദ്ധതികളും പുതിയ സംരംഭങ്ങളുമാക്കി മാറ്റുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.

 

സാമ്പത്തികം, വിദേശവ്യാപാരം, നിക്ഷേപങ്ങൾ, മറ്റു വികസന പദ്ധതികൾ എന്നിവയിൽ ഇരുവിഭാഗവും ഒന്നിച്ച് പ്രവർത്തിക്കാനും കൂടുതൽ അവസരങ്ങൾ കണ്ടെത്താനും യോഗത്തിൽ ധാരണയായി. ഒപ്പം, പ്രാദേശികവും അന്തർദേശീയവുമായ പ്രധാന വിഷയങ്ങളിൽ ഇരു സംഘടനകളും തമ്മിൽ പരസ്പര ആശയവിനിമയവും ഏകോപനവും തുടർന്നുപോകേണ്ടതി​െൻറ ആവശ്യകതയും യോഗം എടുത്തുപറഞ്ഞു.

സൗദി വിദേശകാര്യ മന്ത്രാലയത്തിലെ മൾട്ടി ലാറ്ററൽ അന്താരാഷ്​ട്ര കാര്യങ്ങളുടെ അണ്ടർസെക്രട്ടറിയും ഇക്കണോമിക് ആൻഡ് ഡെവലപ്‌മെൻറ്​ അഫയേഴ്‌സ് ഏജൻസി സൂപ്പർവൈസർ ജനറലുമായ ഡോ. അബ്​ദുൽ റഹ്​മാൻ അൽ റസ്സിയും സൗദി സംഘത്തോടൊപ്പം യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - GCC-ASEAN meeting: Agreement to strengthen economic and trade relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.