ലോക പ്രശസ്ത റഫറി  മാര്‍ക് ക്ളാറ്റന്‍ബര്‍ഗ് സൗദി ലീഗിലേക്ക് 

റിയാദ്: യൂറോപ്യന്‍ ലീഗിലെ പ്രശസ്ത റഫറിയായ മാര്‍ക് ക്ളാറ്റന്‍ബര്‍ഗ് സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷനിലേക്ക്. സൗദി ഫെഡറേഷനിലെ റഫറിമാരുടെ നിരയെ ഇനി ക്ളാറ്റന്‍ബര്‍ഗാകും നയിക്കുക. വ്യാഴാഴ്ച സൗദിയിലത്തെിയ അദ്ദേഹം ഉടന്‍ തന്നെ ചുമതയേല്‍ക്കും. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ റഫറിമാരുടെ കൂട്ടായ്മയായ പ്രഫഷനല്‍ ഗെയിം മാച്ച് ഒഫീഷ്യല്‍സ് ലിമിറ്റഡിലെ (പി.ജി.എം.ഒ.എല്‍) പ്രമുഖനായിരുന്ന ക്ളാറ്റന്‍ബര്‍ഗിന് മംഗളം ആശംസിച്ച് കൂട്ടായ്മ കഴിഞ്ഞ ദിവസം കുറിപ്പ് പുറത്തിറക്കി. 
സൗദി ഫെഡറേഷന്‍ റഫറിമാരുടെ തലവനായിരുന്ന ഹോവാര്‍ഡ് വെബ്ബിന് പകരമായാണ് ക്ളാറ്റന്‍ബര്‍ഗ് സ്ഥാനമേല്‍ക്കുന്നത്. 1993 മുതല്‍ റഫറിയിങ് രംഗത്ത് സജീവമായ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളായാണ് പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സും പോര്‍ച്ചുഗലുമായി നടന്ന യൂറോകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിച്ചത് ക്ളാറ്റന്‍ബര്‍ഗ് ആണ്. 2016 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്ലറ്റികോ മാഡ്രിഡ്-റയല്‍ മാഡ്രിഡ് പോരാട്ടം, ക്രിസ്റ്റല്‍ പാലസ്- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ്.എ കപ്പ് ഫൈനല്‍ എന്നിവയും അദ്ദേഹം നിയന്ത്രിച്ചു. കഴിഞ്ഞ യൂറോകപ്പില്‍ ചെക് റിപ്പബ്ളിക്-ക്രൊയേഷ്യ ലീഗ് മത്സരത്തിനിടെ കാണികളുടെ അതിക്രമം ഉണ്ടായപ്പോള്‍ ഏറെ നേരം കളി നിര്‍ത്തിവെച്ച് ക്ളാറ്റന്‍ബര്‍ഗ് ശ്രദ്ധേയനായിരുന്നു. 
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് വിടാനുള്ള അദ്ദേഹത്തിന്‍െറ തീരുമാനം ബ്രിട്ടനില്‍ വന്‍ കോലാഹലം സൃഷ്ടിച്ചു കഴിഞ്ഞു. ഇത്രയും പരിചയ സമ്പന്നനായ റഫറിയെ നഷ്ടപ്പെടുന്നത് ലീഗിനെ ക്ഷീണിപ്പിക്കുമെന്ന് അഭിപ്രായമുയര്‍ന്നു. രാജ്യത്തെ ഏറ്റവും മികച്ച റഫറിയാണ് കൈവിട്ടുപോകുന്നതെന്നും നമ്മെ സംബന്ധിച്ച് ഇത് മോശം വാര്‍ത്തായാണെന്നും ചെല്‍സി ക്ളബ് മാനേജര്‍ അന്‍േറാണിയോ കോണ്‍ടി അഭിപ്രായപ്പെട്ടു. ഇംഗ്ളീഷ് ലീഗ് ഉപേക്ഷിച്ച ക്ളാറ്റന്‍ബര്‍ഗിനെ തേടി ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നും അവസരങ്ങള്‍ എത്തിയിരുന്നു. പ്രതിവര്‍ഷം ഒരു ദശലക്ഷം പൗണ്ട് നല്‍കാമെന്ന ചൈനീസ് ഫുട്ബാള്‍ ഫെഡറേഷന്‍െറ വാഗ്ദാനവും നിരസിച്ചാണ് ക്ളാറ്റന്‍ബര്‍ഗ് സൗദിയിലേക്ക് തിരിഞ്ഞത്.  

Tags:    
News Summary - refree 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.