സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകണം -മാനവ വിഭവശേഷി മന്ത്രാലയം

റിയാദ്: അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ സൗദി ബിരുദധാരികൾക്കും തൊഴിലന്വേഷകർക്കും തൊഴിൽ പരിശീലന അവസരങ്ങൾ നൽകണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിട്ടു. തൊഴിൽ വിപണിയിലെ പരിശീലന പരിപാടികൾ വ്യവസ്ഥാപിതമാക്കുന്നതിനും ദേശീയ തൊഴിൽ സേനയുടെ പ്രായോഗിക തൊഴിൽ സന്നദ്ധത വർധിപ്പിക്കുന്നതിനുമാണ് മന്ത്രാലയത്തി​ന്റെ ഈ നീക്കം.

പുതിയ തീരുമാനം അനുസരിച്ച്, ഓരോ സ്ഥാപനവും തങ്ങളുടെ മൊത്തം തൊഴിലാളികളുടെ എണ്ണത്തി​ന്റെ കുറഞ്ഞത് രണ്ട് ശതമാനം പേർക്കെങ്കിലും പ്രതിവർഷം പരിശീലനം നൽകാൻ ബാധ്യസ്ഥരാണ്. കുറഞ്ഞത് രണ്ട് മാസം മുതൽ പരമാവധി ആറ് മാസം വരെ നീണ്ടുനിൽക്കുന്ന ജോലിസ്ഥലത്തെ പരിശീലന പരിപാടികളാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്.

പരിശീലനാർഥിയും സ്ഥാപനവും തമ്മിലുള്ള കരാർ നിർബന്ധമായും ‘ഖിവ’ പ്ലാറ്റ്‌ഫോം വഴി രേഖപ്പെടുത്തിയിരിക്കണം. ഈ കരാറിൽ പരിശീലന കാലയളവ്, വിവിധ ഘട്ടങ്ങൾ, ലക്ഷ്യമിടുന്ന വൈദഗ്ധ്യം അല്ലെങ്കിൽ തൊഴിൽ മേഖല, ഇരു കക്ഷികളുടെയും അവകാശങ്ങളും കടമകളും എന്നിവ വ്യക്തമാക്കണം. 5,000-മോ അതിലധികമോ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങൾക്ക് പ്രതിവർഷം പരമാവധി 100 ട്രെയിനികൾ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം ഇനിയും വർധിച്ചാലും ഈ പരിധിയിൽ മാറ്റമുണ്ടാകില്ല.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിക്കുന്ന പ്രത്യേക ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച്, പരിശീലന കാലയളവിലെ ചുമതലകൾ വ്യക്തമാക്കുന്ന പ്രത്യേക പദ്ധതിയും പരിപാടിയും സ്ഥാപനങ്ങൾ തയ്യാറാക്കണം. പരിശീലനത്തി​െൻറ പുരോഗതി നിരീക്ഷിക്കുന്നതിനും ഓരോ ട്രെയിനിക്കും വ്യക്തിഗത ഫയലുകൾ സൂക്ഷിക്കുന്നതിനുമായി ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തണം.

തിരിച്ചറിയൽ കാർഡുകൾ, വിലയിരുത്തൽ രേഖകൾ തുടങ്ങിയവ സ്ഥാപനം നൽകേണ്ടതുണ്ട്. കൂടാതെ, പരിശീലനത്തിന് ആവശ്യമായ ഓഫിസ് സൗകര്യങ്ങൾ, സ്​റ്റേഷനറി, കമ്പ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമാക്കുകയും പ്രായോഗിക വൈദഗ്ധ്യം നേടാൻ സഹായിക്കുന്ന ജോലികളിൽ അവരെ പങ്കാളികളാക്കുകയും വേണം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അതി​ന്റെ കാലയളവ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകണമെന്നും മന്ത്രാലയത്തി​ന്റെ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Private institutions should provide job training to locals -Ministry of Human Resources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.