കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ജിദ്ദ അൽ സലാം കൊട്ടാരത്തിൽ സ്വീകരിക്കുന്നു

സൗദി-കാനഡ നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം; പ്രധാനമന്ത്രി മാർക്ക് കാർണിയും കിരീടാവകാശിയും ജിദ്ദയിൽ ചർച്ച നടത്തി

ജിദ്ദ: സൗദി അറേബ്യയും കാനഡയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതി​െൻറ ഭാഗമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ 26 വർഷത്തിനിടെ ഒരു കനേഡിയൻ പ്രധാനമന്ത്രി സൗദി അറേബ്യയിൽ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിതെന്നതിനാൽ വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് ഈ കൂടിക്കാഴ്ചയെ ആഗോള സമൂഹം വീക്ഷിക്കുന്നത്.

ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ നടന്നത്. കൊട്ടാരത്തിലെത്തിയ കനേഡിയൻ പ്രധാനമന്ത്രിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെയുള്ള ഊഷ്മള സ്വീകരണമാണ് സൗദി ഭരണകൂടം ഒരുക്കിയത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ പ്രത്യേക ക്ഷണം സ്വീകരിച്ച് വ്യാഴാഴ്​ച പുലർച്ചെയാണ്​ മാർക്ക് കാർണി ജിദ്ദയിലെത്തിയത്.

 

കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്​ദുൽ അസീസ്, സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്​ദുല്ല അൽ ജദ്ആൻ, കാനഡയിലെ സൗദി അംബാസഡർ അമൽ ബിന്ത് യഹ്യ അൽ മൗലമി, സൗദിയിലെ കനേഡിയൻ അംബാസഡർ ജീൻ ഫിലിപ്പ് ലി​േൻറാ, മക്ക റീജനൽ പൊലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി, റോയൽ പ്രോട്ടോക്കോൾ ഓഫീസ്​ ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ അബ്​ദുല്ല ബിൻ ളാഫിർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം നേരിട്ടെത്തി സ്വീകരിച്ചിരുന്നു.

 

മുൻപ് ബാങ്ക് ഓഫ് ഇംഗ്ലണ്ടി​െൻറയും ബാങ്ക് ഓഫ് കാനഡയുടെയും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രമുഖ സാമ്പത്തിക വിദഗ്ധൻ കൂടിയായ മാർക്ക് കാർണിയുടെ ഈ സന്ദർശനം, ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സാമ്പത്തിക-ഊർജ്ജ പങ്കാളിത്തം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. അൽ സലാം കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചർച്ചയിൽ ഉഭയകക്ഷി ബന്ധത്തി​െൻറ വിവിധ വശങ്ങളും വ്യത്യസ്ത മേഖലകളിലെ സഹകരണ സാധ്യതകളും ഇരുനേതാക്കളും വിശദമായി അവലോകനം ചെയ്തു.

സൗദിയുടെ ‘വിഷൻ 2030’ പദ്ധതികളുടെ ഭാഗമായുള്ള ഹരിത ഊർജ്ജം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഖനനം, കൃഷി, സുസ്ഥിര വികസനം, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ കനേഡിയൻ നിക്ഷേപവും സാങ്കേതിക പങ്കാളിത്തവും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വിപുലമായ ചർച്ചകൾ നടന്നു. വ്യാപാര-നയതന്ത്ര ബന്ധങ്ങൾക്ക് പുറമെ, ആഗോള സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള സംയുക്ത നീക്കങ്ങൾ, പശ്ചിമേഷ്യൻ മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങളും അവയ്ക്ക് പരിഹാരം കാണുന്നതിനായുള്ള ശ്രമങ്ങളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി ഉയർന്നു വന്നു.

 

സന്ദർശനത്തി​െൻറ ഭാഗമായി ജിദ്ദയിൽ നടക്കുന്ന ‘കാനഡ-സൗദി ബിസിനസ് ആൻഡ് ഇൻവെസ്​റ്റ്​മെൻറ്​ ഫോറത്തിൽ’ കനേഡിയൻ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള വ്യാപാരം സജീവമാക്കാനും സുരക്ഷിതമായ വിതരണ ശൃംഖലകൾ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറുകളിൽ ഈ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന. ഇരുരാജ്യങ്ങളും തമ്മിലുള്ള വിദേശകാര്യ-നയതന്ത്ര രംഗത്ത് തികച്ചും പുതിയൊരു അധ്യായത്തിനാണ് ഈ സന്ദർശനം വഴിതുറന്നിരിക്കുന്നത്.

Tags:    
News Summary - New chapter in Saudi-Canada diplomatic ties: Prime Minister Mark Carney and Crown Prince hold talks in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.