റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ സൗദി അറേബ്യയിൽ തുടരുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് മന്ത്രിസഭ ഉത്തരവിറക്കി. രാജ്യത്ത് ദീർഘകാലം രജിസ്ട്രേഷൻ ഇല്ലാതെ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ നടപടി.
പുതിയ നിയമപ്രകാരം, ജിസിസി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ (365 ദിവസം) പരമാവധി 90 ദിവസം മാത്രമേ സൗദിയിൽ തുടരാൻ അനുവാദമുള്ളൂ. ഇത് തുടർച്ചയായ ദിവസങ്ങളോ അല്ലെങ്കിൽ പല തവണകളായോ ഉള്ള കാലയളവോ ആകാം. വാഹനങ്ങൾ സൗദി അതിർത്തി കടന്നെത്തുന്ന ദിവസം മുതലാണ് ഈ കാലാവധി കണക്കാക്കുക.
സൗദി പൗരന്മാരുടെയോ താമസക്കാരുടെയോ (ഇഖാമ ഉള്ളവർ) ഉടമസ്ഥതയിലുള്ളതോ, അവർക്ക് ഓടിക്കാൻ അനുമതിയുള്ളതോ ആയ വാഹനങ്ങൾക്കാണ് ഈ നിയമം ബാധകം. എന്നാൽ ജി.സി.സി രാജ്യങ്ങളിലെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വാടകയ്‌ക്കെടുത്ത വാഹനങ്ങളെ (റെൻറ് എ കാർ) ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കാലാവധി നീട്ടാൻ അനുവദിക്കപ്പെട്ട 90 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി വാഹന ഉടമക്കോ ഡ്രൈവർക്കോ സൗദി ആഭ്യന്തര മന്ത്രാലയത്തിൽ കാലാവധി നീട്ടുന്നതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായിട്ടായിരിക്കും ഈ അപേക്ഷകൾ പരിഗണിക്കുക. സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വാഹനങ്ങളുടെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. വാഹന ഉടമകൾ അതിർത്തിയിലെ കസ്റ്റംസ് പോയിൻറുകളിൽ ആവശ്യമായ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
നിശ്ചിത കാലാവധി കഴിഞ്ഞും വാഹനം രാജ്യത്ത് നിലനിർത്തുന്നത് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 68 (ഖണ്ഡിക അഞ്ച്) പ്രകാരം നിയമലംഘനമായി കണക്കാക്കും. ഇത്തരക്കാർക്കെതിരെ കർശനമായ പിഴ ശിക്ഷകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് നിയമം നടപ്പാക്കുന്നതിനുള്ള കൂടുതൽ നിർദേശങ്ങൾ സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ ഉടൻ പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.