സൗദിയെ ജോർദാനും മറ്റ്​ അയൽരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ലോജിസ്​റ്റിക് ഇടനാഴി യാഥാർത്ഥ്യമായി

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ തുറമുഖങ്ങളെ ജോർദാനുമായും മറ്റ് വടക്കൻ അയൽരാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന വമ്പിച്ച അന്താരാഷ്​ട്ര ലോജിസ്റ്റിക് ഇടനാഴിക്ക് സൗദി അറേബ്യൻ റെയിൽവേ (സാർ) തുടക്കം കുറിച്ചു. കിഴക്കൻ പ്രവിശ്യയിലെ തുറമുഖങ്ങളെ വടക്കൻ മേഖലയിലെ അൽ ഹാദിത അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ചരക്ക് തീവണ്ടി സർവീസുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ദമ്മാമിലെ കിങ്​ അബ്​ദുൽ അസീസ് തുറമുഖം, ജുബൈലിലെ കിങ്​ ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട്, ജുബൈൽ കൊമേഴ്‌സ്യൽ പോർട്ട് എന്നിവയെ നേരിട്ട് അൽ ഹാദിത ലാൻഡ് പോർട്ടുമായി ഈ റെയിൽ ശൃംഖല ബന്ധിപ്പിക്കും. ഇത് ജോർദാനിലേക്കും സൗദിയുടെ വടക്കൻ അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളിലേക്കും ചരക്ക് നീക്കം സുഗമമാക്കുകയും പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുകയും ചെയ്യും.ഈ കിഴക്ക്​-വടക്ക്​ ഇടനാഴി നിലവിൽ വന്നതോടെ ലോജിസ്​റ്റിക് രംഗത്ത് വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

ഏകദേശം 1700 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ യാത്രയ്ക്ക് മറ്റ് റോഡ് മാർഗങ്ങളെ അപേക്ഷിച്ച് പകുതി സമയം മാത്രമേ ഇനി മുതൽ വേണ്ടിവരൂ. ഒരു ട്രെയിനിൽ ഒരേസമയം 400 സ്​റ്റാൻഡേർഡ് കണ്ടെയ്നറുകൾ വരെ കൊണ്ടുപോകാൻ സാധിക്കും. കിഴക്കൻ പ്രവിശ്യയിൽ നിന്ന് വടക്കൻ അതിർത്തിയിലെ അൽ ഹാദിതയിലേക്കും, അവിടെ നിന്ന് തിരിച്ച് തുറമുഖങ്ങളിലേക്കും സാധനങ്ങൾ എത്തിക്കാൻ കഴിയുന്ന തരത്തിലാണ് ഈ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇത് കയറ്റുമതി, പുനർ-കയറ്റുമതി മേഖലകളെ ഒരുപോലെ സഹായിക്കും.

റോഡ് മാർഗമുള്ള ആയിരക്കണക്കിന് ട്രക്കുകളെ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ഇത് റോഡുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും അപകടങ്ങൾ കുറച്ച് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ, കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ ഒരു ഗതാഗത സംവിധാനമാണ് സൗദി റെയിൽവേ മുന്നോട്ടുവെക്കുന്നത്. സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെയും ദേശീയ ഗതാഗത-ലോജിസ്​റ്റിക് നയത്തി​ന്‍റെയും ഭാഗമായാണ് ഈ നടപടി. ആഗോള ലോജിസ്​റ്റിക് ഹബ്ബായി മാറാനുള്ള രാജ്യത്തിന്‍റെ ലക്ഷ്യങ്ങൾക്ക് ഈ പുതിയ ഇടനാഴി വലിയ കരുത്തുപകരും.

Tags:    
News Summary - New logistics corridor connecting Saudi Arabia with Jordan and other neighboring countries becomes a reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.