റിയാദ്: അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി തൊടുത്തുവിട്ട നാല് ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും ആറ് ഡ്രോണുകളും സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു. പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കിയാണ് വെള്ളിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
റിയാദ് മേഖലയുടെ കിഴക്ക് ഭാഗത്ത് മൂന്ന് ഡ്രോണുകളും വടക്കുകിഴക്കൻ ഭാഗത്ത് ഒരു ഡ്രോണും പ്രതിരോധ മന്ത്രാലയം വെടിവെച്ചിട്ടു. അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമിട്ട് വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു.
കൂടാതെ, കിഴക്കൻ പ്രവിശ്യയിലും അൽ ഖർജ് ഗവർണറേറ്റിെൻറ കിഴക്കുഭാഗത്തുമായി ഓരോ ഡ്രോണുകൾ വീതം തകർത്തതായും വക്താവ് വ്യക്തമാക്കി. അൽ ഖർജ് ലക്ഷ്യമിട്ടു വന്ന ഒരു ക്രൂയിസ് മിസൈലും വിജയകരമായി തടഞ്ഞു. കഴിഞ്ഞ ദിവസം ഇതേ മേഖലയിൽ മൂന്ന് ക്രൂയിസ് മിസൈലുകളും മൂന്ന് ഡ്രോണുകളും പ്രതിരോധ സേന വെടിവെച്ചിട്ടിരുന്നു. അൽ ജൗഫിന് കിഴക്ക് ഭാഗത്തും കഴിഞ്ഞ ദിവസം മറ്റൊരു ഡ്രോൺ തകർത്തിരുന്നു.
വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ സൗദി വ്യോമ പ്രതിരോധ സേന പൂർണ സജ്ജമാണെന്ന് തുടർച്ചയായ ഈ വിജയകരമായ ഓപ്പറേഷനുകൾ തെളിയിക്കുന്നതായി ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.