സ്വദേശിവത്കരണം: മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ സൗദി വിടും

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊർജിത സ്വദേശിവത്കരണവും തൊഴില്‍ - സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയും കാരണം അടുത്ത മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ രാജ്യം വിടുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. സ്വദേശികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലനിന്ന 11 ശതമാനം തൊഴിലില്ലായ്മ 12.8 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 2017 ആദ്യത്തില്‍ ഇത് 12.7 ശതമാനമായിരുന്നു. സൗദിവത്കരണം ശക്തമായി നടക്കുമ്പോഴും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. നടപ്പുവര്‍ഷം രണ്ടാം പാദത്തില്‍ മാത്രം 13,400 സ്വദേശികള്‍ പുതുതായി തൊഴിലന്വേഷകരായി വന്നിട്ടുണ്ടെന്ന് ജനറല്‍ അതോറിറ്റി ഓഫ് സ്​റ്റാറ്റിസ്​റ്റിക്​സ്​ പുറത്തുവിട്ട കണക്കില്‍ പറയുന്നു.

വിവിധ കാരണങ്ങളാല്‍ തൊഴില്‍ നഷ്​ടപ്പെട്ടവരില്‍ വിദേശികളാണ് കൂടുതല്‍. 2017 തുടക്കത്തില്‍ സൗദിയില്‍ 10.85 ദശലക്ഷം വിദേശ ജോലിക്കാരുണ്ടായിരുന്നത് രണ്ടാം പാദത്തിലേക്ക് കടന്നപ്പോള്‍ 10.79 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. 0.6 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്​ടപ്പെട്ടിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. 
സ്വദേശികളായ തൊഴിലന്വേഷകരില്‍ ഈ കാലവയളവില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2016 അവസാനത്തില്‍ 9,06,550 തൊഴിലന്വേഷകരുണ്ടായിരുന്നത് 2017 രണ്ടാം പാദത്തില്‍ 10,80,000 ആയി വര്‍ധിച്ചിട്ടുണ്ട്. സ്വദേശി തൊഴിലന്വേഷകരില്‍ ഭൂരിപക്ഷവും 25നും 29നുമിടക്ക് പ്രായമുള്ളവരാണ്. ഇതില്‍ 50.5 ശതമാനവും ബിരുദധാരികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    
News Summary - localization-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.