കുവൈത്ത് യുദ്ധത്തില്‍ കാല്‍ നഷ്ടപ്പെട്ടു; അതിര്‍ത്തി കാക്കുമ്പോള്‍ മകനും

റിയാദ്: യുദ്ധങ്ങളാണ് ഹാദി ഹുസൈന്‍ അസ്സീരിയുടെ ജീവിതത്തെ നിര്‍ണയിച്ചത്. കാല്‍ നൂറ്റാണ്ടിനപ്പുറം സഹോദര രാജ്യത്തിന്‍െറ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അദ്ദേഹം ബലി നല്‍കിയത് സ്വന്തം കാലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം ദേശത്തിന്‍െറ സുരക്ഷക്കായി മകന്‍െറ ജീവനും. പക്ഷേ, അതിലൊന്നും ഈ വൃദ്ധന് ഖേദമില്ല. യുദ്ധം ബാക്കിയാക്കിയ ഒറ്റക്കാലില്‍ മകന്‍െറ ഛായാചിത്രത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ആ ഹൃദയം അഭിമാനത്താല്‍ തുളുമ്പുകയാണ്. 
1991 ല്‍ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് കുവൈത്തിന്‍െറ മോചനത്തിനായി സൗദിയുടെ നേതൃത്വത്തില്‍ നടത്തിയ സൈനിക നടപടിയുടെ ഭാഗമായിരുന്നു ഹാദി ഹുസൈന്‍. തനിക്ക് കാല്‍ നഷ്ടപ്പെട്ട ആ ദിനത്തെ ഇന്നലെയെന്ന പോലെ അദ്ദേഹം ഓര്‍ക്കുന്നു- ‘ഞങ്ങളുടെ സൈന്യം കുവൈത്തിലേക്ക് കടന്നു. തണ്ടര്‍ബോള്‍ട്ട് ബ്രിഗേഡിലെ പാരട്രൂപ്പറായിരുന്നു ഞാന്‍. കുവൈത്ത് വിമോചനത്തിന് ശേഷം ആ രാജ്യത്തേക്ക് ആദ്യം കടന്ന സൈനിക സംഘമായിരുന്നു ഞങ്ങളുടെതേ്. ഞാനും അഞ്ച് സഹപ്രവര്‍ത്തകരും സൗദി എംബസിയില്‍ രാജ്യത്തിന്‍െറ പതാക ഉയര്‍ത്താനായി പുറപ്പെട്ടു. എംബസി മന്ദിരത്തിന്‍െറ അകത്തളത്തില്‍ ഒരു ഒഴിഞ്ഞ സ്ഥലമുണ്ടായിരുന്നു. ഇറാഖി സൈന്യം അവിടം നിറയെ കുഴിബോംബുകള്‍ പാകിയിരിക്കുകയായിരുന്നു. ഇതറിയാതെ ഞങ്ങള്‍ അവിടേക്ക് നടന്നു. പെട്ടന്നാണ് ഭീകര ശബ്ദത്തോടെ മൈന്‍ പൊട്ടിത്തെറിച്ചത്. ഒപ്പമുണ്ടായിരുന്ന നാലു സഹപ്രവര്‍ത്തകരും സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ എന്‍െറ വലതുകാല്‍ മുറിച്ചുമാറ്റി.’ - ഹാദി ഹുസൈന്‍ പറയുന്നു.
കാല്‍ നഷ്ടപ്പെട്ടതോടെ സൈന്യത്തില്‍ നിന്ന് ഹാദി ഹുസൈന് വിരമിക്കേണ്ടി വന്നു. കാല്‍നൂറ്റാണ്ടിന് ശേഷം അദ്ദേഹത്തിന്‍െറ മകനും പിതാവിന്‍െറ പാതയിലൂടെ നടന്നു. സൗദി സൈന്യത്തിലേക്ക് മകന് പ്രവേശനം കിട്ടിയപ്പോള്‍ ഹാദി ഹുസൈന്‍ അഭിമാനിച്ചു. പക്ഷേ, കഴിഞ്ഞ റമദാനില്‍ ജീസാനില്‍ അതിര്‍ത്തി കാക്കുമ്പോള്‍ മകന്‍ രക്തസാക്ഷിയായി. യമനിലെ ഹൂതി തീവ്രവാദികളുടെ ആക്രമണത്തിലായിരുന്നു മരണം. രാജ്യത്തിനായി താന്‍ ഒരു കാലാണ് നല്‍കിയതെങ്കില്‍ മകന്‍ അവന്‍െറ ജീവന്‍ തന്നെ നല്‍കിയെന്ന് ഹാദി ഹുസൈന്‍ പറയുന്നു.  

Tags:    
News Summary - leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.