കെ.എൻ.എം ചതുർമാസ കാമ്പയിനിൻെറ ജി.സി.സി തല ഉദ്‌ഘാടന പരിപാടിയിൽ നിന്നും

ബുദ്ധിയുടെ മതം, മാനവതയുടെ ജീവൻ: കെ.എൻ.എം ഗൾഫ് മേഖല കാമ്പയിന് തുടക്കമായി

ജിദ്ദ: ബുദ്ധിയുടെ മതം, മാനവതയുടെ ജീവൻ എന്ന ശീർഷകത്തിൽ കെ.എൻ.എം മർക്കസുദ്ദഅ്‌വ സംഘടിപ്പിക്കുന്ന ചതുർമാസ കാമ്പയിനിൻെറ ജി.സി.സി തല ഉദ്‌ഘാടനം ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി നിർവഹിച്ചു.

എല്ലാ സഹജീവികളേയും ഉൾകൊള്ളാനാവുന്ന മാനസികാവസ്ഥയിലേക്ക് മനുഷ്യൻ എത്തുമ്പോഴാണ് ജീവിതവും വിശ്വാസവും പരിപൂർണ്ണതയിലാവുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജി.സി. സി ഇസ്‌ലാഹി കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു.

പ്രമുഖ എഴുത്തുകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. വൈവിധ്യങ്ങളെ അംഗീകരിക്കലാണു മാനവികതയെന്നും അതിൻെറ വിപരീതമാണ് ഫാഷിസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനീതിയിൽ കെട്ടിപ്പടുക്കുന്ന ഒന്നിനും നിലനിൽപ്പില്ല. അതിനാൽ എല്ലാ സമയത്തും നീതിക്കായി നിലകൊള്ളുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

മതത്തിൻെറ അടിസ്ഥാനമൂല്യങ്ങളെ മറന്നുകൊണ്ട്‌ കടത്തിക്കൂട്ടലുകൾക്ക്‌ പ്രാധാന്യം നൽകുന്നത്‌ യുക്തമല്ല എന്ന് 'ബുദ്ധിയുടെ മതം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ ഇസ്​ലാമിക പണ്ഡിതൻ സി.എം. മൗലവി ആലുവ പറഞ്ഞു. അടിസ്ഥാന മൂല്യങ്ങൾക്കാണ് പ്രാധാന്യമെന്നും അലങ്കാരങ്ങളായ തോരണങ്ങളെ താലോലിക്കുന്നത് ബുദ്ധിപരമല്ല എന്നും അദ്ദേഹം വിശദീകരിച്ചു.

'മാനവികതയുടെ ഇസ്‌ലാഹി പരിസരം' എന്ന വിഷയത്തിൽ റിഹാസ് പുലാമന്തോളും 'മാനവതയുടെ ജീവൻ' എന്ന വിഷയത്തിൽ എം. ടി. മനാഫ് മാസ്റ്ററും പ്രഭാഷണം നടത്തി. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി ജി.സി.സി കോഓർഡിനേഷൻ സമിതിയുടെ പ്രഖ്യാപനം നടത്തി.

എം. അഹമ്മദ് കുട്ടി മദനി സമാപനഭാഷണം നടത്തി. ആയിരക്കണക്കിന് ആളുകൾ ഓൺലൈനിൽ തത്സമയം സമ്മേളനം വീക്ഷിച്ചു. ജനറൽ കൺ‌വീനർ സുലൈമാൻ മദനി, വൈസ് ചെയർമാൻ അസൈനാർ അൻ‌സാരി എന്നിവർ സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.