ജിദ്ദ: ചാർട്ടേർഡ് വിമാനങ്ങളിൽ വിദേശത്തുനിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേരള സർക്കാറിന്‍റെ പുതിയ നിബന്ധനക്ക് പിന്നിൽ പ്രവാസികൾ നാട്ടിലേക്ക് വരുന്നതിനെ തടയിടുക എന്ന ലക്ഷ്യം മാത്രമാണെന്നും ഈ തീരുമാനം ഉടൻ പിൻവലിച്ച് ഉത്തരവിടണമെന്നും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വിദേശത്ത് കഷ്ടപെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാറിന് വന്ദേ ഭാരത് മിഷൻ വഴി മതിയായ വിമാന സർവിസുകൾ ഏർപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് കെ.എം.സി.സി ഉൾപ്പെടെയുള്ള പ്രവാസി സന്നദ്ധ സംഘടനകൾ ചാർട്ടേർഡ് വിമാനസർവിസിന് ശ്രമം നടത്തിയത്. ജോലിയും കൂലിയുമില്ലാതെ കോവിഡ് ഭീഷണിയിൽ കഴിയുന്നവരും ഗർഭിണികളും, രോഗികൾ, വിസാ കാലാവധി കഴിഞ്ഞവർ തുടങ്ങി ആയിരക്കണക്കിന് അത്യാവശ്യമായി നാട്ടിൽ എത്തേണ്ട പ്രവാസികളുടെ നിരന്ത ആവശ്യപ്രകാരമാണ് ഈ സംഘടനകളെല്ലാം ചാർട്ടേഡ് വിമാനങ്ങൾക്കുള്ള ശ്രമം നടത്തിയതും അനുമതി വാങ്ങുന്നതും.
ഇങ്ങിനെ സർവിസ് യാഥാർഥ്യമാവുമെന്നു കണ്ടപ്പോൾ ചാർട്ടേർഡ് വിമാനങ്ങൾ വഴി വരുന്നവർക്ക് ടെസ്റ്റ് വേണമെന്നും വന്ദേ ഭാരത് മിഷൻ വഴി വരുന്നവർക്ക് ടെസ്റ്റ് വേണ്ടായെന്നുമുള്ള തീരുമാനത്തിലെ യുക്തി എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. സന്നദ്ധ സംഘടനകൾ ചാർട്ടർ ചെയ്യുന്ന വിമാനങ്ങളെ സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ പകരം അത്രയും എണ്ണം വിമാനങ്ങൾ വന്ദേ ഭാരത് മിഷൻ വഴി എത്രയും പെട്ടെന്ന് ഷെഡ്യൂൾ ചെയ്ത് കോവിഡ് ടെസ്റ്റില്ലാതെ തന്നെ പ്രവാസികളെ കൊണ്ടുപോവാൻ സർക്കാർ തയ്യാറാവണം.
പ്രവാസികൾ നാടിന്‍റെ നട്ടെല്ലാണെന്ന് ആവർത്തിച്ച് പിന്നീട് പിന്നണിയിൽ അവർക്ക് നാട്ടിലെത്താനുള്ള എല്ലാ വഴികളും അടക്കുന്ന സർക്കാറിന്‍റെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നു. ഭക്ഷണത്തിനും വാടകക്കും നയാപൈസ കയ്യിലില്ലാതെ സന്നദ്ധ സംഘടനകളുടെയും സുമനസുകളുടെയും സഹായത്താലാണ് ആയിരക്കണക്കിന് പ്രവാസികൾ സൗദിയിൽ കഴിയുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇവർക്ക് കോവിഡ് ടെസ്റ്റ് നടത്താൻ ചുരുങ്ങിയത് ഒരാൾക്ക് 1000 റിയാലിന് മുകളിൽ ചിലവ് വരും. സൗദി ആരോഗ്യ വകുപ്പിന് കീഴിൽ സൗജന്യമായി ടെസ്റ്റ് ചെയ്യുമെങ്കിലും കൂടുതൽ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികൾക്ക് മാത്രമേ ടെസ്റ്റ് നടത്തൂ. അല്ലാത്തവരെ തിരിച്ചയക്കുകയാണ് പതിവ്. ഇങ്ങിനെ ടെസ്റ്റ് ചെയ്താൽ തന്നെ ചുരുങ്ങിയത് ഒരാഴ്ചയോളം കഴിഞ്ഞാണ് റിസൾട്ട് പോലും ലഭിക്കുന്നത്.
സൗദിയിൽ നിന്നും മതിയായ വിമാനങ്ങൾ ഇല്ലാത്തതിനാലാണ് പ്രവാസികൾ ചാർട്ടേർഡ് വിമാനങ്ങൾ തിരഞ്ഞെടുക്കുന്നത്. ചാർട്ടേർഡ് വിമാനത്തിന് തന്നെ പലരും സുമനസുകളുടെ സഹായത്താലാണ് ടിക്കറ്റ് എടുക്കുന്നത്. ഇങ്ങിനെയുള്ളവരോടാണ് വീണ്ടും കോവിഡ് ടെസ്റ്റ് കൂടി നടത്തണമെന്ന് പറയുന്നത്. ഇത് അപ്രായോഗികവും ദ്രോഹപരവുമാണ്. കോവിഡ് സംബന്ധിയായി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതികളെ തുടക്കം മുതൽ ഇടതു സർക്കാർ പലവിധ വികലമായ നിയമങ്ങൾ ഉപയോഗിച്ച് തടയിടാൻ ശ്രമിക്കുകയാണ്.
കെ.എം.സി.സിയാണ് കൂടുതൽ ചാർട്ടർ വിമാനങ്ങൾ ഏർപ്പാടാക്കുന്നത് എന്നതാണ് സർക്കാറിനെയും സി.പി.എമ്മിനെയും ചൊടിപ്പിക്കുന്നതെങ്കിൽ സർക്കാർ നേരിട്ട് വിമാനം ചാർട്ടർ ചെയ്യാൻ തയ്യാറാവണം. ഇത് രാഷ്ട്രീയക്കളിക്കുള്ള സമയമല്ല. പാവപെട്ട പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കാതെ ഏറ്റവും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികളാണ് വേണ്ടതെന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്നും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.