ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം
ചരിത്ര നേട്ടവുമായി ജിദ്ദ വിമാനത്താവളം; ലോകത്തെ ‘മെഗാ എയർപോർട്ടു’കളുടെ പട്ടികയിൽ ഇടംപിടിച്ചു
ജിദ്ദ: യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തെ ‘മെഗാ എയർപോർട്ടുകളുടെ’ പട്ടികയിൽ ഇടംപിടിച്ചു. ഒരു വർഷത്തിനുള്ളിൽ 5.34 കോടി യാത്രക്കാരെ സ്വീകരിച്ചാണ് വിമാനത്താവളം ഈ അപൂർവ നേട്ടം കൈവരിച്ചത്. സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തിൽ ഒരു വിമാനത്താവളം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
ജിദ്ദ വിമാനത്താവളത്തിന്റെ പ്രവർത്തന സന്നദ്ധതയുടെയും മികവിന്റെയും അടയാളമാണ് ഈ നേട്ടമെന്ന് ജിദ്ദ എയർപോർട്ട്സ് കമ്പനി സി.ഇ.ഒ എൻജി. മാസിൻ ജൗഹർ പറഞ്ഞു. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ദേശീയ നേട്ടം കൈവരിക്കാൻ സാധിച്ചത് ഭരണകൂടത്തിെൻറ മാർഗനിർദേശങ്ങളും ഗതാഗത മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെയും നിരന്തരമായ പിന്തുണ കൊണ്ടാണ്. മേഖലയിലെ പ്രധാന വ്യോമയാന ഹബ്ബ് എന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം ഈ നേട്ടത്തിലൂടെ ഉറപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഇത് സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവള വിപുലീകരണം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം, സേവനങ്ങളിലെ ഗുണനിലവാരം എന്നിവയിലൂടെ ആഗോള തലത്തിൽ ഒന്നാമതെത്താനാണ് വിമാനത്താവളം ലക്ഷ്യമിടുന്നത്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സർക്കാർ-സ്വകാര്യ മേഖലകളിലെ എല്ലാ പങ്കാളികൾക്കും സി.ഇ.ഒ നന്ദി അറിയിച്ചു.
പ്രധാന നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ
- യാത്രക്കാർ: 5.34 കോടി
- വിമാന സർവിസുകൾ: 3,10,000 സർവിസുകൾ
- ലഗേജുകൾ: 6.04 കോടി (2024-നെ അപേക്ഷിച്ച് 12 ശതമാനം വർധന)
- സംസം ജലം: 95.7 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു
- കാർഗോ നീക്കം: 2,968 എയർ കാർഗോ വിമാനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.