സൗദിയിൽ സ്വദേശിവത്കരണം വീണ്ടും ശക്തമാക്കുന്നു: ‘ഡെവലപർ നിതാഖാത്ത്’ എന്ന പുതിയ ഘട്ടത്തിലൂടെ ലക്ഷ്യം സ്വദേശികൾക്ക് 3.4 ലക്ഷം തൊഴിലവസരങ്ങൾ

ജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി ‘ഡെവലപർ നിതാഖാത്ത്’ എന്ന പേരിൽ പദ്ധതിയുടെ പുതിയഘട്ടം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. 2026 മുതൽ ആരംഭിക്കുന്ന ഈ ഘട്ടം മൂന്ന് വർഷത്തേക്കാണ് നടപ്പാക്കുന്നത്. ഈ കാലയളവിനുള്ളിൽ സ്വദേശികൾക്കായി 3,40,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും തൊഴിൽ വിപണിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ഈ തന്ത്രപരമായ നീക്കം ഏറെ സഹായകമാകും. 2021ൽ പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ 5,50,000 പേർക്ക് ജോലി നൽകാൻ സാധിച്ചു എന്നത് ഇതിന്റെ വിജയമായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുന്ന രീതിയിലാണ് പുതിയ ഘട്ടം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽരാജ്ഹി വ്യക്തമാക്കി.

വിവിധ മേഖലകളിലെ തൊഴിൽ സാഹചര്യങ്ങളും സ്ഥാപനങ്ങളുടെ ശേഷിയും സമഗ്രമായി വിശകലനം ചെയ്ത ശേഷമാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. മുൻ ഘട്ടങ്ങളിൽ സ്വദേശി പൗരന്മാർ പ്രകടിപ്പിച്ച ഉയർന്ന കാര്യക്ഷമതയും വിജയവും ദേശീയ പ്രതിഭകളെ കൂടുതൽ ശാക്തീകരിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മന്ത്രാലയത്തിന് ആത്മവിശ്വാസം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ വിപണിയിലെ സാഹചര്യങ്ങളും ഓരോ മേഖലയുടെയും പ്രത്യേകതകളും കണക്കിലെടുത്ത് യാഥാർഥ്യബോധമുള്ള സ്വദേശിവത്കരണ നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് തൊഴിൽ കാര്യ ഡെപ്യൂട്ടി മന്ത്രി അബ്ദുള്ള അബു തനൈൻ വിശദീകരിച്ചു. ഈ നടപടി തൊഴിൽ സ്ഥിരത വർധിപ്പിക്കുന്നതിനും ഉൽപാദനക്ഷമത ഉയർത്തുന്നതിനും സഹായിക്കും. ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും തൊഴിൽ വിപണിയിൽ ആവശ്യവും വിതരണവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലൂടെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും സ്വകാര്യ മേഖലയുടെ ആത്മവിശ്വാസത്തിനും വലിയ ഗുണം ലഭിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Indigenization is being strengthened again in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.