മക്കയിൽ ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റിൽ സംഘടിപ്പിച്ച ഹിറ ശൈത്യകാല പരിപാടികളിൽനിന്ന്
മക്ക: മക്കയിലെ ‘ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റ്' സംഘടിപ്പിച്ച ഹിറ ശൈത്യകാല പരിപാടികൾ സമാപിച്ചു. 84,000ത്തിലധികം സന്ദർശകർ പങ്കെടുത്തു. ‘ഹിറ ഗുഹ’യും അത് സ്ഥിതി ചെയ്യുന്ന ജബലുന്നൂറും (പ്രകാശ പർവതം) ഉൾകൊള്ളുന്ന ചരിത്ര പ്രദേശങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ നടത്തിയ പരിപാടികൾ സന്ദർശകർക്ക് നവ്യാനുഭൂതിയാണ് സമ്മാനിച്ചത്. പ്രവാചകന് ആദ്യ വെളിപാട് ലഭിച്ച ഹിറാഗുഹയുടെ കഥയും ചരിത്ര പ്രദേശങ്ങളുടെ നേർചിത്രങ്ങളും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അവതരിപ്പിച്ചത് പുതുമയും മൗലികതയും സമന്വയിപ്പിക്കുന്ന ദൃശ്യമായി മാറി.
ദിവ്യബോധനത്തിന്റെ കഥ വിവരിക്കുന്ന എക്സിബിഷൻ, ഖുർആൻ മ്യൂസിയം എന്നിവ ഏറെ ശ്രദ്ധേയമായി. ഹിറ ഗുഹയെയും വിശ്വാസികളുടെ മാതാവായ ഖദീജ ബിൻത് ഖുവൈലിദിനെയും കുറിച്ചുള്ള വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പവിലിയനും ആദ്യ വെളിപാടിന്റെ ചിത്രീകരണവും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
ഉത്മാൻ ബിൻ അഫ്ഫാൻ തയാറാക്കിയ ഖുർആൻ കൈയെഴുത്തു പ്രതിയുടെ പകർപ്പും വിശുദ്ധ വാക്യങ്ങളുടെ പുരാതന ശിലാ ലിഖിതങ്ങളും അടക്കമുള്ള അപൂർവ വസ്തുക്കളുടെ പ്രദർശനം സന്ദർശകർക്ക് ഭൂതകാലത്തെയും വർത്തമാനത്തെയും സംയോജിപ്പിക്കുന്ന സവിശേഷ അനുഭവം നൽകി. അറബ് പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട കാവ്യാത്മക പ്രകടനങ്ങൾ അറബികളുടെ ദിവാൻ (സംസ്കാരത്തിന്റെ ശേഖരം) എന്ന നിലയിൽ സ്വാധീനം ചെലുത്തിയ നാൾ വഴികളും പ്രദർശനത്തിൽ പുത്തൻ അറിവുകൾ പകർന്നു നൽകി.
അറബി ഭാഷയിലും സാഹിത്യത്തിലും കവിതകൾക്കുള്ള മഹത്തായ പങ്കും സമ്പന്നമായ സാംസ്കാരിക മഹിമയും പ്രദർശനത്തിൽ എടുത്തു കാണിച്ചു. പൗരാണിക അറബ് സമൂഹത്തിലും അവരുടെ വ്യാപാര രീതിയിലും ഒട്ടക യാത്രാസംഘങ്ങളുടെ പങ്കിനെയും സാംസ്കാരിക പൈതൃകത്തെയും വിവിധ പരിപാടികളിലൂടെ പുനരുജ്ജീവിപ്പിച്ചു.
സന്ദർശകർക്ക് വിജ്ഞാനവും ഉല്ലാസവും നൽകി വൈവിധ്യമാർന്ന മത്സരങ്ങളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. സംവേദനാത്മക പ്രകടനങ്ങളിലൂടെ ഒരുക്കിയ ‘വിന്റർ തിയേറ്റർ’ സന്ദർശകർക്ക് അറിവുകളും ആനന്ദവും പകർന്നു നൽകി. കരകൗശല, പൈതൃക വ്യവസായ വിപണിയും പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന പ്രത്യേക സ്റ്റാളുകളും ഒരുക്കിയിരുന്നു.
മക്കയിലെ മസ്ജിദുൽ ഹറാമിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള എന്ന അർഥം വരുന്ന ജബലുന്നൂറിലെ ഹിറാഗുഹ കാണാൻ രാപ്പകൽ ഭേദമില്ലാതെ അഭൂതപൂർവമായ സന്ദർശകരുടെ ഒഴുക്കാണ്. ഹിറാ ഗുഹയിൽ ധ്യാനത്തിലിരിക്കെ ജിബ്രീൽ മാലാഖ പ്രവാചകന് ദൈവിവകമായ ആദ്യ സൂക്തങ്ങൾ ഓതിക്കേൾപ്പിച്ച ചരിത്ര പ്രസിദ്ധമായ ഇടം കാണാനാണ് തീർഥാടകർ എത്തുന്നത്.
സമുദ്രനിരപ്പിൽനിന്ന് 621 മീറ്റർ ഉയരത്തിലാണ് ഹിറാ ഗുഹ. മലയുടെ താഴ്വശത്ത് ഏകദേശം 67,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ‘ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റ്’. ഭൂതകാലത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്ന ഒരു വിനോദസഞ്ചാര, വിദ്യാഭ്യാസ കേന്ദ്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.