റിയാദ്: സൗദി അറേബ്യക്ക് നേരെ തൊടുത്തുവിട്ട നാല് ഡ്രോണുകളും ഏഴ് ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
റൂബൽ ഖാലി വഴി ഷൈബ ഓയിൽ ഫീൽഡ് ലക്ഷ്യമാക്കി നീങ്ങിയ രണ്ട് ഡ്രോണുകളും, ഹഫർ അൽ ബാത്തിൻ മേഖല ലക്ഷ്യമാക്കി വന്ന മറ്റ് രണ്ട് ഡ്രോണുകളുമാണ് തകർത്തത്. ഇതിന് പുറമെ, കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ഒരു ബാലിസ്റ്റിക് മിസൈലും അമീർ സുൽത്താൻ എയർബേസിന് നേരെ തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകളും സൈന്യം ആകാശത്തുവെച്ച് തന്നെ തകർത്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഷൈബ ഫീൽഡ്, കിഴക്കൻ അൽ ജൗഫ്, അൽഖർജ് എന്നീ മേഖലകൾ ലക്ഷ്യമിട്ട് റൂബൽ ഖാലി വഴി വന്ന പതിനഞ്ചിലധികം ഡ്രോണുകളും കിഴക്കൻ പ്രവിശ്യയെ ലക്ഷ്യം വെച്ചെത്തിയ ഒരു ബാലിസ്റ്റിക് മിസൈലും സൗദി എയർ ഡിഫൻസ് തകർത്തതായും വക്താവ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കും നേരെയുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.