മദീന: വിശുദ്ധ റമദാനിലെ അവസാന പത്തു ദിനങ്ങളിൽ വിശ്വാസികളുടെയും സന്ദർശകരുടെയും യാത്ര സുഗമമാക്കുന്നതിനായി മദീനയിലെ ഷട്ടിൽ ബസ് സർവിസുകളുടെ സമയം നീട്ടി. മസ്ജിദുന്നബവി, ഖുബാ പള്ളി എന്നിവിടങ്ങളിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി മദീന റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
പുതുക്കിയ സമയക്രമം അനുസരിച്ച്, മദീനയുടെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഷനുകളിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സർവീസുകൾ ആരംഭിക്കും. പുലർച്ചെ തഹജ്ജുദ് നമസ്കാരം കഴിഞ്ഞ് അരമണിക്കൂർ വരെ ഈ സേവനം ലഭ്യമായിരിക്കും. റമദാനിലെ തിരക്ക് പരിഗണിച്ച് വിശ്വാസികൾക്ക് പുണ്യസ്ഥലങ്ങളിലേക്ക് തടസ്സമില്ലാതെ എത്തിച്ചേരാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റം.
മസ്ജിദുന്നബവിയിലേക്കും ഖുബാ പള്ളിയിലേക്കും എത്തുന്ന ആരാധകർക്ക് മികച്ച യാത്രസൗകര്യം ഒരുക്കുന്നതിനൊപ്പം, നഗര ഹൃദയത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനും മുൻഗണന നൽകിക്കൊണ്ട് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനമാണ് ‘മദീന ബസ്’ പദ്ധതിയിലൂടെ ഉറപ്പാക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.