റിയാദ്: റിയാദിനെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ട് നടന്ന വൻ വ്യോമാക്രമണ ശ്രമങ്ങളെ സൗദി അറേബ്യൻ പ്രതിരോധ സേന തകർത്തു. ഒരു ബാലസ്റ്റിക് മിസൈലും അഞ്ച് ഡ്രോണുകളുമാണ് ചൊവ്വാഴ്ച മാത്രം സൈന്യം വിജയകരമായി തകർത്തത്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കങ്ങളെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു.
ഈസ്റ്റേൺ പ്രവിശ്യയെ ലക്ഷ്യമാക്കി വന്ന ഭീഷണിയുയർത്തിയ ബാലസ്റ്റിക് മിസൈലിനെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ പ്രതിരോധ സേനയ്ക്കായി. ചൊവ്വാഴ്ച രാവിലെ അൽ-ഖർജ് ഗവർണറേറ്റിന് കിഴക്ക് ഭാഗത്ത് ഒരു ഡ്രോണും, തുടർന്ന് അൽ-ഖർജിലും കിഴക്കൻ പ്രവിശ്യയിലുമായി നാല് ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടു.
ഇതിനു തൊട്ടുപിന്നാലെ, ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 15 ഡ്രോണുകൾ റുബ്അ് അൽ ഖാലിയിൽ വെച്ച് തകർത്തതായും മന്ത്രാലയം വെളിപ്പെടുത്തി. സൈനിക നടപടികൾക്കിടെ ഒരു ഡ്രോൺ സുൽഫി ഗവർണറേറ്റിലെ ജനവാസ കേന്ദ്രത്തിൽ തകർന്നു വീണു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും കെട്ടിടങ്ങൾക്ക് ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ പൂർത്തിയാക്കി.
രാജ്യത്തിെൻറ പരമാധികാരത്തെയും സിവിലിയൻമാരുടെ സുരക്ഷയെയും ബാധിക്കുന്ന ഏതൊരു നീക്കത്തെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.