പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് ചൊവ്വാഴ്ച നടന്ന വൻ വ്യോമാക്രമണ ശ്രമങ്ങളെ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. റിയാദ്, കിഴക്കൻ പ്രവിശ്യ (ഈസ്റ്റേൺ പ്രവിശ്യ) എന്നിവ ലക്ഷ്യമിട്ടെത്തിയ ഒരു ബാലിസ്റ്റിക് മിസൈലും അഞ്ച് ഡ്രോണുകളുമാണ് സൈന്യം വെടിവെച്ചിട്ടത്. ആക്രമണ നീക്കങ്ങൾക്കിടെ ഒരു ഡ്രോൺ സുൽഫി പട്ടണത്തിലെ ജനവാസ മേഖലയിൽ പതിച്ചു. റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള സുൽഫി പട്ടണത്തിലെ ജനവാസ കേന്ദ്രത്തിലാണ് ഒരു ഡ്രോൺ പതിച്ചത്. സ്ഫോടനത്തിൽ കെട്ടിടങ്ങൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി അടിയന്തര സുരക്ഷ നടപടികൾ സ്വീകരിച്ചു. കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മാരകശേഷിയുള്ള ബാലിസ്റ്റിക് മിസൈലിനെ ആകാശത്തുവെച്ച് തന്നെ പ്രതിരോധ സേന തകർത്തു. അൽ ഖർജ് ഗവർണറേറ്റിന് കിഴക്കായി മൂന്ന് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിൽ രണ്ട് ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടു. ചൊവ്വാഴ്ച രാവിലെ മുതൽ ഘട്ടംഘട്ടമായാണ് ഈ ആക്രമണശ്രമങ്ങൾ ഉണ്ടായത്.
കഴിഞ്ഞ ദിവസം ശൈബ എണ്ണപ്പാടത്തിന് നേരെ വന്ന 15 ഡ്രോണുകളും റുബ്അ് അൽ ഖാലിയിൽ വെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു. രാജ്യത്തിെൻറ തന്ത്രപ്രധാനമായ മേഖലകളെയും സിവിലിയന്മാരെയും ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ഭീഷണികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സായുധ സേന സജ്ജമാണെന്നും മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
അടുത്തിടെ അൽ ഖർജിലെ ലേബർ ക്യാമ്പിൽ ഡ്രോൺ പതിച്ച സംഭവത്തിന് പിന്നാലെ സുൽഫി ജനവാസ മേഖലയിൽ ഡ്രോൺ പതിക്കാനിടയായത് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.