അറബ്-യൂറോപ്യൻ രാജ്യങ്ങളുടെ നിർണായക യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു
റിയാദ്: ഇറാെൻറ ഭീരുത്വപരമായ ആക്രമണങ്ങളെയും മേഖലയിലെ സുരക്ഷാ വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യാൻ അറബ്-യൂറോപ്യൻ രാജ്യങ്ങളുടെ നിർണായക യോഗം ചേർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ യോഗത്തിൽ പങ്കെടുത്തു.
തിങ്കളാഴ്ച വീഡിയോ കോൺഫറൻസിങ് വഴി നടന്ന യോഗത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങൾ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, സിറിയ, ലെബനൻ, തുർക്കി, അർമേനിയ എന്നീ രാജ്യങ്ങളിലെ നേതാക്കളും യൂറോപ്യൻ കൗൺസിൽ പ്രസിഡൻറും യൂറോപ്യൻ കമീഷൻ പ്രസിഡൻറും പങ്കെടുത്തു.
വിവിധ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഭീരുത്വപരമായ ആക്രമണങ്ങളെ യോഗം ചർച്ച ചെയ്തു. സിവിലിയന്മാരെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും നയതന്ത്ര കാര്യാലയങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. മേഖലയിലെ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം യൂറോപ്യൻ യൂനിയൻ അടിവരയിട്ടു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ അറബ് രാജ്യങ്ങൾക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും യൂറോപ്യൻ പ്രതിനിധികൾ വാഗ്ദാനം ചെയ്തു.
പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് സംയുക്തമായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. സിവിലിയന്മാരുടെ സംരക്ഷണം, അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ നിയമങ്ങളുടെയും പൂർണമായ ബഹുമാനം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ തത്വങ്ങളോടുള്ള പ്രതിബദ്ധത എന്നിവ യോഗം ഊന്നിപ്പറഞ്ഞു.
മൾട്ടിലാറ്ററൽ ഇൻറർനാഷനൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽ റസ്സി, ഏഷ്യൻ അഫയേഴ്സ് ജനറൽ ഡയറക്ടർ നാസർ അൽ ഗനൂം, യൂറോപ്യൻ യൂനിയൻ ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ തലാൽ അൽ അനസി എന്നിവരും വിദേശകാര്യ മന്ത്രിയോടൊപ്പം യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.