സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടന്ന വിഡിയോ കോൺഫറൻസിങ് യോഗത്തിൽനിന്ന്

2026 'നിർമിത ബുദ്ധി' വർഷമായി പ്രഖ്യാപിച്ച് സൗദി; വ്യോമ പ്രതിരോധ സേനയുടെ മികവിനെ പ്രശംസിച്ച് മന്ത്രിസഭ

റിയാദ്: സൗദി അറേബ്യൻ മന്ത്രിസഭ 2026നെ 'നിർമിത ബുദ്ധി വർഷം' ആയി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിങ് വഴി ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും കാത്തുസൂക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം സൗദിക്കുണ്ടെന്ന് മന്ത്രിസഭ ആവർത്തിച്ചു വ്യക്തമാക്കി.

രാജ്യത്തെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് എത്തിയ ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തകർക്കുന്നതിൽ സൗദി വ്യോമ പ്രതിരോധ സേന കാണിച്ച മികവിനെ യോഗം പ്രത്യേകം പ്രശംസിച്ചു. സൗദി അറേബ്യക്കും മറ്റ് ജി.സി.സി രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളെയും മന്ത്രിസഭ ശക്തമായി അപലപിച്ചു.

മേഖലയിലെ നിലയെക്കുറിച്ചും അന്താരാഷ്ട്ര സമാധാനത്തെക്കുറിച്ചും വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കിരീടാവകാശി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ യോഗത്തിൽ പങ്കുവെച്ചു. അറബ്, ഗൾഫ് രാജ്യങ്ങളുമായും യൂറോപ്യൻ യൂനിയനുമായും സഹകരിച്ച് മേഖലയിലെ വെല്ലുവിളികളെ നേരിടുന്നതിനുള്ള സൗദിയുടെ നയപരമായ നിലപാടുകളെ മന്ത്രിസഭ ശരിവെച്ചു.

പ്രാദേശിക വികസനത്തിന്റെ ഭാഗമായി ഗവർണർമാരുടെ വാർഷിക യോഗത്തിലെ ശുപാർശകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ദേശീയ കാമ്പയ്‌നിന്റെ ആറാം പതിപ്പിന്റെ വിജയം യോഗം വിലയിരുത്തി.കൂടാതെ, മാർച്ച് 11 ബുധനാഴ്ച ആഘോഷിക്കുന്ന 'പതാക ദിനം' രാജ്യത്തിന്റെ ഐക്യത്തിന്റെയും ചരിത്രത്തിന്റെയും അടയാളമാണെന്നും മന്ത്രിസഭ ഓർമിപ്പിച്ചു.

മന്ത്രിസഭാ യോഗത്തിൽ മറ്റു പല സുപ്രധാന തീരുമാനങ്ങളും അംഗീകരിച്ചിട്ടുണ്ട്. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് കൾചറൽ സ്റ്റഡീസ് നിർമാണം, കിംഗ് ഫഹദ് നാഷനൽ ലൈബ്രറിയുടെ പുനഃസംഘടന എന്നിവ അതിൽ ഉൾപ്പെടുന്നു.

മലേഷ്യയുമായുള്ള രാഷ്ട്രീയ ചർച്ചകൾക്കായി വിദേശകാര്യ മന്ത്രാലയത്തിന് അനുമതി നൽകുകയും ചെയ്തു. കൂടാതെ, വിനോദസഞ്ചാരം, സുസ്ഥിര വികസനം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഹംഗറി, സാൻ മറിനോ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളുമായി വിവിധ ധാരണപത്രങ്ങളിൽ സൗദി ഒപ്പുവെക്കും. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുമായി ചേർന്ന് ജുഡീഷ്യൽ വിധികൾ പ്രസിദ്ധീകരിക്കാനും യോഗത്തിൽ തീരുമാനമായി.

സൗദി അറേബ്യയുടെ ആധുനികവൽക്കരണത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന നിരവധി പദ്ധതികൾക്കാണ് ഈ മന്ത്രിസഭാ യോഗം പച്ചക്കൊടി വീശിയത്.

Tags:    
News Summary - Saudi Arabia declares 2026 as the year of 'artificial intelligence'; Cabinet praises the excellence of the air defense force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.