ഗർസ് കിണർ
മദീന: സാംസ്കാരിക പൈതൃക സ്ഥലങ്ങൾക്കായുള്ള സന്ദർശകകേന്ദ്രം നിർമിക്കുന്നതിനായി മദീനയിലെ ഗർസ് കിണറിന് ചുറ്റുമുള്ള സ്വകാര്യ കെട്ടിടങ്ങൾ ഏറ്റെടുക്കാനുള്ള നടപടികൾ പൈതൃക അതോറിറ്റി ആരംഭിച്ചു. ഇതിനുള്ള അംഗീകാരം അതോറിറ്റി സി.ഇ.ഒ ഡോ. ജാസർ അൽ ഹർബഷ് നൽകി.
റിയൽ എസ്റ്റേറ്റ് കോമ്പൻസേഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് അനുസൃതമായി ഹെറിറ്റേജ് അതോറിറ്റി സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകും. തീരുമാനത്തിനെതിരെ പരാതികൾ ഉണ്ടെങ്കിൽ പരിഹാര ബോർഡിൽ അപ്പീൽ നൽകാം. കമ്മിറ്റിയുടെ തീരുമാനം അറിയിച്ച് 60 ദിവസത്തിനുള്ളിൽ ഇത് ചെയ്യണം.
പ്രവാചകന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ചരിത്ര സ്മാരകങ്ങളിലൊന്നാണ് ‘ഗർസ് കിണർ’. ഖുബാഅ് പള്ളിയിൽനിന്ന് ഏകദേശം 1500 മീറ്റർ വടക്കുകിഴക്കായി അൽഅവാലി ഡിക്ട്രിക്റ്റിൽ പ്രവാചക പള്ളിയുടെ തെക്ക് ഭാഗത്താണ് ഈ കിണർ സ്ഥിതി ചെയ്യുന്നത്. മദീനയിൽ പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ചരിത്രപരവും പുരാവസ്തുപരവുമായ ലാൻഡ്‌മാർക്കുകളിൽ ഒന്നായതിനാൽ പുനരുദ്ധാരണം നടത്തി വികസിപ്പിച്ച ഈ സ്ഥലം കാണാൻ നിരവധി സന്ദർശകരാണ് എത്തുന്നത്. 15 നൂറ്റാണ്ടുകൾക്ക് മുമ്പ് കുഴിച്ചെടുത്ത പ്രസിദ്ധ ചരിത്ര സ്മാരകമാണിത്.
ഗർസ് കിണർ വികസിപ്പിക്കുന്നതിനായി ഒരു സമഗ്ര പദ്ധതി മദീന വികസന അതോറിറ്റി നേരത്തെ ആരംഭിച്ചിട്ടുണ്ട്. കിണറിന്റെ യഥാർഥ സ്വഭാവം നിലനിർത്തിക്കൊണ്ട് ഈ സ്ഥലത്തെ പുനരുജ്ജീവിപ്പിക്കുക, നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇതിനെ മാറ്റുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കിണറിന് ചുറ്റുമുള്ള പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിലൂടെയും കല്ലുകൾ പാകിയ നടപ്പാതകൾ, സ്വീകരണ സ്ഥലങ്ങൾ, പ്രവാചകന്റെ ജീവചരിത്രത്തിലെ കിണറിന്റെ കഥയും അതിന്റെ പ്രാധാന്യവും വിവരിക്കുന്ന ബഹുഭാഷാ വിവര ബോർഡുകളിലൂടെയും സന്ദർശക അനുഭവം സമ്പന്നമാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.