റിയാദ്: ഇന്ത്യയുമായി ഒപ്പിടാൻ പോകുന്ന സ്വതന്ത്ര വ്യാപാര കരാറിനെ (എഫ്.ടി.എ) വലിയ പ്രതീക്ഷയോടെയാണ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ നോക്കിക്കാണുന്നത്. കേവലം ഒരു വ്യാപാര കരാർ എന്നതിലുപരി, എണ്ണയിതര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ഗൾഫ് രാഷ്ട്രങ്ങളുടെ ‘വിഷൻ 2030’ പോലുള്ള പദ്ധതികൾക്ക് ഈ നീക്കം വലിയ ഊർജം നൽകും.
ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനുള്ള നിബന്ധനകളിൽ ഇരുപക്ഷവും ധാരണയിലെത്തിയതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയിൽനിന്നുള്ള ഈ വിലയിരുത്തൽ.
ഈ കരാർ നടപ്പാകുന്നതോടെ ജി.സി.സി രാജ്യങ്ങൾക്കുണ്ടാകുന്ന പ്രധാന നേട്ടങ്ങൾ പലതാണ്. എണ്ണയിതര കയറ്റുമതിയിലുണ്ടാവുന്ന വൻ വർധനവാണ് ഒന്ന്. ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാകുന്നതോടെ പെട്രോകെമിക്കൽസ്, കെമിക്കൽസ്, വളം, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വലിയ വർധനവ് ജി.സി.സി രാജ്യങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ ഇന്ത്യ ഈ ഉൽപന്നങ്ങൾക്കായി വലിയ തോതിൽ ഗൾഫ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ജി.സി.സി രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷ്യസുരക്ഷ. ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവ കുറഞ്ഞ നിരക്കിലും തടസ്സമില്ലാതെയും ഗൾഫ് വിപണിയിൽ എത്തുന്നതിലൂടെ മേഖലയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും സാധിക്കും.
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിലും ഇൻഫ്രാസ്ട്രക്ചർ മേഖലയിലും വലിയ തോതിൽ നിക്ഷേപം നടത്താൻ സൗദി അറേബ്യയും യു.എ.ഇയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ കമ്പനികൾക്ക് ഗൾഫ് രാജ്യങ്ങളിൽ യൂനിറ്റുകൾ തുടങ്ങുന്നതിനും തിരിച്ചും കൂടുതൽ ഇളവുകൾ ലഭിക്കും. ഐ.ടി, ആരോഗ്യ പരിരക്ഷ, സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുടെ കരുത്ത് ജി.സി.സിക്ക് പ്രയോജനപ്പെടുത്താം. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യൻ പ്രഫഷനലുകളുടെ സേവനം കൂടുതൽ കുറഞ്ഞ ചെലവിൽ ലഭ്യമാകാൻ ഇത് സഹായിക്കും.
ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഒരു സാമ്പത്തിക ഇടനാഴിയായി മാറാൻ ജി.സി.സി രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ഈ കരാർ വഴി ചരക്ക് നീക്കം വർധിക്കുന്നത് സൗദിയിലെ ദമ്മാം, ദുബൈ, ഒമാനിലെ സലാല തുടങ്ങിയ തുറമുഖങ്ങളെയും ലോജിസ്റ്റിക്സ് മേഖലയെയും ആഗോള കേന്ദ്രങ്ങളാക്കി മാറ്റും. ചുരുക്കത്തിൽ ഇന്ത്യയുടെ വിശാലമായ വിപണിയും ഗൾഫ് രാജ്യങ്ങളുടെ മൂലധനവും ഊർജസ്രോതസ്സുകളും ഒത്തുചേരുന്നത് ഇരുപക്ഷത്തിനും ഒരുപോലെ ലാഭകരമായ സാഹചര്യമാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.