സൗദി മീഡിയ ഫോറം സംഘാടകർ ഗിന്നസ് വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു
റിയാദ്: ആഗോള മാധ്യമ ഭൂപടത്തിൽ സൗദി അറേബ്യയുടെ കരുത്ത് വിളംബരം ചെയ്തുകൊണ്ട് അഞ്ചാമത് സൗദി മീഡിയ ഫോറം ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സമ്മേളനം എന്ന ബഹുമതി സ്വന്തമാക്കിയാണ് 2026-ലെ ഫോറം സമാപിച്ചത്. ആഗോളതലത്തിലും പ്രാദേശികമായും മാധ്യമരംഗത്ത് സൗദി കൈവരിച്ചുകൊണ്ടിരിക്കുന്ന അസാമാന്യ വളർച്ചയുടെ അടയാളപ്പെടുത്തലായി ഈ നേട്ടം മാറി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ, നയരൂപീകരണ വിദഗ്ധർ എന്നിവരുടെ വൻ പങ്കാളിത്തം, വിവിധ രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം പ്രമുഖ പ്രഭാഷകർ ഫോറത്തിന്റെ ഭാഗമായത് തുടങ്ങിയ പ്രത്യേകതകളാണ് ഗിന്നസ് റെക്കോഡിലേക്ക് സമ്മേളനത്തെ ഉയർത്തിയത്. സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്ന ഈ വിജയം, രാജ്യത്തെ ഒരു ആഗോള മാധ്യമ ഹബ്ബായി ഉയർത്തുന്നു.
ലോകമെമ്പാടുമുള്ള മാധ്യമ നേതാക്കളെയും സർഗാത്മക പ്രതിഭകളെയും ഒരേ വേദിയിൽ കൊണ്ടുവരാനുള്ള സൗദിയുടെ കഴിവിനുള്ള അന്താരാഷ്ട്ര അംഗീകാരമാണിതെന്ന് സംഘാടകർ പറഞ്ഞു. റിയാദിൽ ബുധനാഴ്ച സമാപിച്ച അഞ്ചാമത് പതിപ്പ്, മാധ്യമ വ്യവസായത്തിലെ ആധുനിക പ്രവണതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിൽ വലിയ വിജയം കണ്ടു. ലോകശ്രദ്ധ ആകർഷിക്കുന്ന വൻകിട പരിപാടികൾ സംഘടിപ്പിക്കുന്നതിലുള്ള സൗദി അറേബ്യയുടെ ആധിപത്യം ഉറപ്പിക്കുന്നതാണ് ഈ ഗിന്നസ് റെക്കോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.