ജിസാൻ തേൻ മേള: മധു നുണഞ്ഞ്​ ആയിരക്കണക്കിന് സന്ദർശകർ​

ജീസാൻ: ജിസാൻ ഫെസ്​റ്റിവൽ 2026-​ന്റെ ഭാഗമായി അൽ-ഐദാബി ഗവർണറേറ്റിലെ സിവിക് സെൻറർ പ്ലാസയിൽ നടന്നുവരുന്ന ‘ജിസാൻ തേൻ മേള’ ജനസാഗരമായി മാറുന്നു. വെറും ആറ് ദിവസത്തിനുള്ളിൽ ഇരുപതിനായിരത്തിലധികം സന്ദർശകരാണ് മേളയിലെത്തിയത്. മേഖലയിലെ പ്രമുഖ സാമ്പത്തിക-സഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള ജിസാ​ന്റെ വളർച്ചയെ അടിവരയിടുന്നതാണ് ഈ വൻ ജനപങ്കാളിത്തം.

മേളയിലെ തേൻ പവലിയനുകളിൽ മികച്ച ഗുണനിലവാരമുള്ള തേൻ ഉൽപന്നങ്ങൾ വാങ്ങുന്നതിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തേനുകളുടെ പ്രദർശനത്തിന് പുറമെ, സാംസ്കാരിക പരിപാടികൾ, വിനോദ വിരുന്നുകൾ, തേനീച്ച കർഷകർക്കായുള്ള പ്രത്യേക പരിശീലന പരിപാടികൾ എന്നിവയും മേളയുടെ ആകർഷണമാണ്.

പ്രദേശത്തെ പ്രശസ്തമായ തേൻ വിപണനം ചെയ്യുന്നതിനൊപ്പം അൽ-ഐദാബിയിലെ പ്രകൃതിരമണീയമായ കാഴ്ചകളും തേനീച്ച വളർത്തലിന് അനുയോജ്യമായ സാഹചര്യങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്താൻ മേളയ്ക്ക് സാധിച്ചതായി എക്സിബിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറും ജിസാൻ ബീക്കീപ്പേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറുമായ സുലൈമാൻ അൽ-ഗസ്വാനി പറഞ്ഞു. പ്രാദേശിക ഉൽപ്പന്നങ്ങളിൽ സമൂഹത്തിനുള്ള വിശ്വാസം വർദ്ധിപ്പിക്കാനും ഉൽപാദനം മെച്ചപ്പെടുത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കാനും ഇത്തരം മേളകൾ സഹായിക്കുന്നു. സൗദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യമിടുന്ന കാർഷിക-സാമ്പത്തിക വികസനത്തിന് ഈ മേഖല നൽകുന്ന പിന്തുണ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച 60 തേനീച്ച കർഷകരുടെ പങ്കാളിത്തമാണ്​ മേളയിലുള്ളത്​. ജിസാൻ മലനിരകളിൽ നിന്നുള്ള വൈവിധ്യമാർന്ന 15 തരം തേൻ ശേഖരമാണ്​ മേളയിൽ അണിനിരന്നിട്ടുള്ളത്​. കുട്ടികൾക്കായുള്ള തിയറ്റർ, വിനോദ പരിപാടികൾ, സമ്മാനങ്ങൾ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. തേനീച്ച വളർത്തൽ മേഖലയുടെ പ്രസക്തിയും ഭാവിയും വിളിച്ചോതുന്ന ഈ മേള, സന്ദർശകർക്ക് പുത്തൻ അറിവുകളും മികച്ച അനുഭവവുമാണ് സമ്മാനിക്കുന്നത്.


Tags:    
News Summary - Jizan Honey Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.