ജിദ്ദയിലെ ‘ടീം ലാബ് ബോർഡർലസ്’ ഡിജിറ്റൽ ആർട്ട് മ്യൂസിയം
ജിദ്ദ: കലയും സാങ്കേതികവിദ്യയും അതിർവരമ്പുകളില്ലാതെ കൈകോർക്കുന്ന ഡിജിറ്റൽ വിസ്മയവുമായി ജിദ്ദയിലെ ‘ടീം ലാബ് ബോർഡർലസ്’ മ്യൂസിയം ശ്രദ്ധേയമാകുന്നു. ടോക്കിയോ ആസ്ഥാനമായുള്ള പ്രശസ്ത ആർട്ട് കളക്ടീവ് ‘ടീം ലാബും’ സൗദി സാംസ്കാരിക മന്ത്രാലയവും സംയുക്തമായാണ് ഈ കലാകേന്ദ്രമൊരുക്കിയിരിക്കുന്നത്. യുനെസ്കോ ലോക പൈതൃക പട്ടികയിലുള്ള ചരിത്ര നഗരമായ ജിദ്ദ അൽ ബലദിലെ അൽ അർബഈൻ ലഗൂണിന്റെ തീരത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 2024 ജൂണിൽ പ്രവർത്തനം ആരംഭിച്ച ഇത് മിഡിൽ ഈസ്റ്റിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥിരം മ്യൂസിയമാണ്.
ഏകദേശം 10,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന മ്യൂസിയത്തിൽ 80-ലധികം ഡിജിറ്റൽ കലാസൃഷ്ടികളാണുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവിടെ കലയ്ക്ക് കൃത്യമായ അതിർവരമ്പുകളില്ല. ഒരു മുറിയിലെ ദൃശ്യങ്ങൾ അടുത്ത മുറിയിലേക്ക് പടരുകയും മറ്റ് കലാരൂപങ്ങളുമായി സംവദിക്കുകയും ചെയ്യുന്നു. സന്ദർശകരുടെ ചലനങ്ങൾക്ക് അനുസരിച്ച് മാറുന്ന ഇൻട്രാറാക്ടീവ് കലാസൃഷ്ടികൾ ഓരോ സന്ദർശനവും പുത്തൻ അനുഭവമാക്കി മാറ്റുന്നു.
കലാരൂപങ്ങൾ സ്വതന്ത്രമായി ചലിക്കുകയും സന്ദർശകരോട് പ്രതികരിക്കുകയും ചെയ്യുന്ന ലോകമായ ‘ബോർഡർലസ് വേൾഡ്’, ശരീരത്തിെൻറ ചലനങ്ങളിലൂടെ ലോകത്തെ മനസിലാക്കാൻ പ്രോത്സാഹിപ്പിക്കുന്ന ത്രിമാന ക്രിയാത്മക ഇടമായ ‘അത്‌ലറ്റിക്സ് ഫോറസ്റ്റ്’, കുട്ടികൾക്ക് ഒത്തുചേർന്ന് ഡിജിറ്റൽ ലോകങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വിദ്യാഭ്യാസ ഇടമായ ‘ഫ്യൂച്ചർ പാർക്ക്’, സന്ദർശകർ സമീപിക്കുമ്പോൾ പ്രകാശിക്കുകയും ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വിളക്കുകളുടെ വനമായ ‘ഫോറസ്റ്റ് ഓഫ് ലാംപ്‌സ്’, ചായക്കപ്പിൽ പോലും ഡിജിറ്റൽ ആർട്ട് വിരിയുന്ന മാന്ത്രിക അനുഭവമായ ‘എൻ.ടീ ഹൗസ്’ എന്നിവയാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങൾ.
ശനി മുതൽ ബുധൻ വരെ ഉച്ചക്ക് ഒന്ന് മുതൽ രാത്രി ഒമ്പത് വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് മൂന്ന് മുതൽ അർധരാത്രി 12 വരെയുമാണ് പ്രവൃത്തിസമയം. നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. നാല് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും 50 റിയാലാണ് ടിക്കറ്റ് നിരക്ക്.
12 മുതൽ 18 വയസ് വരെയുള്ളവർക്കും വിദ്യാർഥികൾക്കും 115 റിയാലും 18 വയസിന് മുകളിൽ 150 റിയലുമാണ് മറ്റു നിരക്കുകൾ. കുടുംബമായി ഒന്നിച്ചു പോകുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ട് പാക്കേജുകളും ലഭ്യമാണ്. https://teamlab-jeddah.com/ ലിങ്ക് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.