ഹജ്ജ് വിസ വിതരണം ഞായറാഴ്ച മുതൽ; ഒരുക്കം പൂർത്തിയാക്കി സൗദി മന്ത്രാലയം

റിയാദ്: ഈ വർഷത്തെ ഹജ്ജ് വിസകളുടെ വിതരണം ഞായറാഴ്ച (ഫെബ്രു. എട്ട്)​ മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകർക്ക് മികച്ച സേവനങ്ങളും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഭാഗമായാണ് നടപടി. ഹജ്ജ് കർമങ്ങൾക്ക് നാല് മാസം മുമ്പ് തന്നെ വിസ നടപടികൾ ആരംഭിക്കുന്നത് സൗദി ‘വിഷൻ 2030’ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്. വിസ വിതരണത്തോടൊപ്പം ഹജ്ജുമായി ബന്ധപ്പെട്ട മറ്റ്​ സുപ്രധാന നടപടികളും പൂർത്തിയായിക്കഴിഞ്ഞു. പുണ്യസ്ഥലങ്ങളിലെ സേവനങ്ങൾ, താമസം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട കരാറുകൾക്ക് അന്തിമരൂപമായി.

തിരക്ക് ഒഴിവാക്കാനും സേവനങ്ങൾ കാര്യക്ഷമമാക്കാനും മക്കയിലെ ക്യാമ്പ് സൈറ്റുകൾ മുൻകൂട്ടി അനുവദിച്ചു. വിദേശ തീർഥാടകർക്കുള്ള സേവന കരാറുകൾ 100 ശതമാനം പൂർത്തിയായി. മക്കയിലെ താമസ സൗകര്യങ്ങൾ ‘നുസ്ക്’ പ്ലാറ്റ്‌ഫോം വഴി പൂർണമായും ഏകോപിപ്പിച്ചു. സീസൺ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിലൂടെ ദശലക്ഷക്കണക്കിന് വരുന്ന തീർഥാടകർക്ക് മികച്ച അനുഭവം നൽകാൻ കഴിയുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

നിലവിലെ കണക്കുകൾ പ്രകാരം 7,50,000 തീർഥാടകർ ഹജ്ജിനായി രജിസ്​റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ 30,000 തീർഥാടകർ അവരുടെ മാതൃരാജ്യങ്ങളിൽനിന്ന് നേരിട്ട് പാക്കേജുകൾ ബുക്ക് ചെയ്തു. വിദേശ തീർഥാടകർക്കായി പുണ്യസ്ഥലങ്ങളിൽ 485 ക്യാമ്പുകൾ അനുവദിച്ചിട്ടുണ്ട്. 73 ഹജ്ജ് കാര്യ ഓഫിസുകൾ അവരുടെ അടിസ്ഥാന കരാറുകൾക്ക് അന്തിമരൂപം നൽകിയതായും ഹജ്ജ് മന്ത്രാലയം പറഞ്ഞു. ഹജ്ജ് സീസണിലെ വെല്ലുവിളികൾ ഒഴിവാക്കാനും ലോകമെമ്പാടുമുള്ള തീർഥാടകർക്ക് വിവേചനരഹിതമായ സേവനം നൽകാനും ഈ മുൻകൂർ നടപടികൾ സഹായിക്കുമെന്ന്​ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള ഹജ്ജ് മിഷനുകളുമായും സേവന ദാതാക്കളുമായും മന്ത്രാലയം നിരന്തരമായ ഏകോപനം തുടരുകയാണ്.

Tags:    
News Summary - Hajj visa distribution to start from Sunday; Saudi Ministry completes preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.