റിയാദ്: ആഗോള ആരോഗ്യരംഗത്ത് ചുവടുറപ്പിച്ച് സൗദി അറേബ്യ. കാൻസർ അതിജീവന നിരക്കിൽ ജി20 രാജ്യങ്ങളിലെ മികച്ച 10 രാഷ്ട്രങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയും ഇടംപിടിച്ചു. ലോക കാൻസർ ദിനത്തോടനുബന്ധിച്ച് സൗദി ഹെൽത്ത് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
രാജ്യത്ത് ലഭ്യമായ അത്യാധുനിക ചികിത്സ സൗകര്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ഈ മികച്ച മുന്നേറ്റത്തിന് പിന്നിലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സൗദിയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ രോഗങ്ങളിലെ അതിജീവന നിരക്ക് ഇനി പറയുന്ന നിലയിലാണ്, സ്തനാർബുദം (76 ശതമാനം), പ്രോസ്റ്റേറ്റ് കാൻസർ (82 ശതമാനം), വൻകുടൽ കാൻസർ (61 ശതമാനം).
രോഗം നേരത്തെ കണ്ടുപിടിക്കുന്നതിനായുള്ള പരിശോധനകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവക്ക് സൗദി വലിയ മുൻഗണനയാണ് നൽകുന്നത്. ചികിത്സയ്ക്ക് പുറമെ പ്രതിരോധ മാർഗങ്ങളിലൂടെ രോഗസാധ്യത കുറയ്ക്കാനും മരണനിരക്ക് ഗണ്യമായി താഴ്ത്താനും ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നു.
സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ മികച്ച ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിനായി സൗദി ഹെൽത്ത് കൗൺസിൽ പ്രത്യേക കർമപദ്ധതികൾ നേരത്തെ തന്നെ ആവിഷ്കരിച്ചിരുന്നു. കാൻസർ കെയർ സർവിസുകളുടെ കാര്യക്ഷമത വർദ്ധിപ്പിച്ചതാണ് ലോകരാജ്യങ്ങൾക്കിടയിൽ സൗദിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.