ദമ്മാം: മഴയും തണുപ്പുമാണല്ലോ എന്ന് കരുതി മടിച്ചുനിൽക്കേണ്ട. ഇൻഡോർ സ്റ്റേഡിയത്തിലെ ഇളം ചൂടിലിരുന്ന് പാട്ടും ആട്ടവുമൊക്കെ ആസ്വദിക്കാൻ മടിച്ചുനിൽക്കാതെ പോരൂ, ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘ഹാർമോണിയസ് കേരള’ സംഗീത സന്ധ്യയിലേക്ക്. മാനവികതയുടെ ഉത്സവമായ ‘ഹാർമോണിയസ് കേരള’യുടെ രണ്ടാംപതിപ്പാണ് ഇത്തവണത്തേത്.
ദമ്മാം-അൽഖോബാൾ ഹൈവേയിൽ റാക്കയിലുള്ള ബിൻ ജലവിയ സ്പോർട്സ് സിറ്റിയിലെ സ്പോർട്സ് ഹാളിലാണ് ഡിസംബർ 26ന് പ്രിയ ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന സംഗീത സന്ധ്യ അരങ്ങേറുന്നത്. ദമ്മാമിൽ ആദ്യമായിട്ടാണ് സൗദി കായിക മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഇൻഡോർ സ്റ്റേഡിയത്തിൽ വിദേശികളുടെ ആഘോഷം അരങ്ങേറുന്നത്.
റാക്കയിലെ സ്പോർട്സ് സിറ്റി പ്രവാസികൾക്ക് ചിരപരിചിതമാണ്. പക്ഷേ അതിലേക്ക് ഇതുവരെ കടന്നുചെല്ലാൻ ഒരു അവസരം പ്രവാസികൾക്ക് ഒത്തുവന്നിരുന്നില്ല. ഡിസംബറിലെ കടുത്ത തണുപ്പും മഴയും ഏൽക്കാതെ, പകർച്ചവ്യാധികളെ ഭയക്കാതെ കൈക്കുഞ്ഞുങ്ങളുമായിപ്പോലും ഷോ കാണാൻ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഇൻഡോർ സ്റ്റേഡിയത്തിലുള്ളത്.
4500 മുതൽ 6000 വരെ കാണികൾക്ക് സൗകര്യപ്രദമായി ഇരുന്ന് പരിപാടി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഇവിടെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 500 പേരുടെ ഓരോ സംഘത്തിനും പ്രത്യേക വാതിലുകൾ ഉള്ളതിനാൽ അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ക്യൂ നിൽക്കേണ്ട കാര്യമില്ല. സ്റ്റേഡിയത്തോട് ചേർന്ന് തന്നെ അനവധി ബാത്റൂമുകളും വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്. അതുകൊണ്ട് തന്നെ പ്രതികൂല കാലാവസ്ഥയെ ഭയപ്പെടേണ്ടതില്ല.
അധികം ചൂടോ തണുപ്പോ ഇല്ലാതെ ഏറ്റവും സുഖകരമായ അന്തരീക്ഷമാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉള്ളിലുള്ളത്. പുറത്ത് മഞ്ഞോ മഴയോ പെയ്താലും അതിന്റെ ലാഞ്ചന ഒന്നും ഏശാതെ ഉള്ളിൽ ഇളം ചൂടിന്റെ സുഖത്തിലിരുന്ന് പരിപാടികൾ ആസ്വദിക്കാനാവും. സൗദിയിലെ നിരവധി അന്താരാഷ്ട്ര കായികപരിപാടികൾക്ക് വേദിയായിട്ടുള്ള സ്പോർട്സ് ഹാൾ ആദ്യമായാണ് ഇത്രയും വലിയ ഒരു കലാമാമാങ്കത്തിന് അരങ്ങൊരുക്കുന്നത്. 100,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ചിട്ടുള്ള സ്റ്റേഡിയം പ്രേക്ഷകർക്ക് പുത്തൻ അനുഭവമായിരിക്കും.
കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സൗകര്യപ്രദമായി പൊതുജനങ്ങൾക്ക് ആസ്വദിക്കുന്നതിനുമായാണ് അമീർ സഊദ് ബിൻ ജലവി സ്പോർട്സ് സിറ്റി സ്ഥാപിച്ചത്. സ്വദേശി പൗരന്മാർക്ക് പതിവായി വ്യായാമം ചെയ്യാനോ ജനപ്രിയ കായികവിനോദങ്ങളിൽ പങ്കെടുക്കാനോ കഴിയുന്ന തരത്തിൽ നിരവധി സമകാലിക സൗകര്യങ്ങൾ ഈ സ്റ്റേഡിയത്തിലുണ്ട്.
ദമ്മാമിൽനിന്ന് ഖോബാർ ഹൈവേയിലൂടെ സഞ്ചരിച്ച് ഹൈൽ സെൻറർ സിഗ്നലിൽ എത്തി അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാൽ ഉടൻ സ്പോർട്സ് സിറ്റിയിലേക്ക് പ്രവേശിക്കാനാവും. അൽഖോബാറിൽനിന്ന് എത്തുന്നവർ ഇതേ രീതിൽ ഹൈൽ സെൻറർ സിഗ്നലിൽനിന്ന് ഇടത്തോട്ടാണ് തിരിയേണ്ടത്. ഏത് റൂട്ടിലൂടെയും എളുപ്പം എത്താൻ കഴിയുന്നിടത്താണ് സ്റ്റേഡിയം. അപ്പോൾ റെഡിയല്ലേ, വെള്ളിയാഴ്ച വൈകുന്നേരത്തിന് മുന്നേ പുറപ്പെട്ടോളൂ...
ദമ്മാം സ്പോർട്സ് സിറ്റിയിലെ ഇൻഡോർ സ്റ്റേഡിയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.