റിയാദ്: റഷ്യൻ നഗരമായ സോച്ചിയിൽ വ്യാഴാഴ്ച നടന്ന ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) റഷ്യൻ ഫെഡറേഷനും തമ്മിലുള്ള സ്ട്രാറ്റജിക് ഡയലോഗിന്റെ എട്ടാമത് സംയുക്ത മന്ത്രിതല യോഗം ഖത്തറിന് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചു.ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഖത്തർ രാഷ്ട്രത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്രശ്രമങ്ങളെ മനപ്പൂർവം ദുർബലപ്പെടുത്തുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇത്തരം പ്രവർത്തനങ്ങൾക്ക് വ്യക്തവും ദൃഢവുമായ ഒരു അന്താരാഷ്ട്ര നിലപാട് ആവശ്യമാണെന്ന് യോഗം ഊന്നിപ്പറഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തെ ധാർമികമായും രാഷ്ട്രീയമായും നിയമപരമായും ഉത്തരവാദികളാക്കുകയും, ഇസ്രായേലിനെ പിന്തിരിപ്പിക്കാനും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും തത്വങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നത് അവസാനിപ്പിക്കാനും ഫലപ്രദമായ നടപടികളിലേക്ക് നയിക്കുകയും വേണം. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് തടയാൻ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാസമിതിയോടും മന്ത്രിമാർ ആവശ്യപ്പെട്ടു.
ഈ സമീപനം തുടരുന്നത് മേഖലയിലെ സംഘർഷങ്ങൾ വർധിപ്പിക്കുമെന്നും സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള അവസരങ്ങളെ ദുർബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.ഗൗരവമേറിയതും നിർണായകവുമായ അന്താരാഷ്ട്ര നിലപാടിന്റെ അഭാവം പ്രാദേശികവും അന്താരാഷ്ട്രീയവുമായ സമാധാനത്തിനും സുരക്ഷക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഗൾഫ് - റഷ്യൻ സംയുക്ത മന്ത്രിതല യോഗ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.