യാംബു: സൗദി അറേബ്യയിൽ അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം തുടങ്ങിയ കേസുകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 78 പേരെ അറസ്റ്റ് ചെയ്തതായി കൺട്രോൾ ആൻഡ് ആൻറി കറപ്ഷൻ കമീഷൻ (നസഹ) അറിയിച്ചു. സർക്കാർ സംവിധാനങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനകൾക്കൊടുവിലാണ് നടപടി. അഴിമതി തടയുന്നതിനായി രൂപവത്കരിച്ച പ്രത്യേക സ്ക്വാഡുകൾ രാജ്യത്തുടനീളം 3,164 പരിശോധനകളാണ് നടത്തിയത്.
വിവിധ സർക്കാർ വകുപ്പുകളിലെ 349 ജീവനക്കാരെ ചോദ്യം ചെയ്യുകയും അവരിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 78 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിലായവരിൽ ചിലരെ പിന്നീട് നിയമപരമായ നടപടികൾ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടയച്ചു. പിടിയിലായവർ പ്രധാനമായും ആഭ്യന്തരം, പ്രതിരോധം, മുനിസിപ്പാലിറ്റി, ഗ്രാമ, ഭവനകാര്യം, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ്.
സർക്കാർ സ്ഥാപനങ്ങളിൽ സമഗ്രമായ അഴിമതി നിർമ്മാർജനം ലക്ഷ്യമിട്ട് നിരവധി ക്രിമിനൽ, ഭരണപരമായ കേസുകൾ അതോറിറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഴിമതിക്കെതിരായ പോരാട്ടത്തിൽ ഒരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങളും 'നസഹ'യും വ്യക്തമാക്കി.
ഭരണസംവിധാനങ്ങളിലെ ദുർവിനിയോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പരാതിപ്പെടാവുന്നതാണ്. അതോറിറ്റിയുടെ വിവിധ ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ കൈമാറാവുന്നതാണ്.
പരാതികൾ അറിയിക്കാൻ
ടോൾ ഫ്രീ നമ്പർ: 980
ഫാക്സ്: 011 4420057
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.