കോവിഡ് ടെസ്റ്റ്: സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം -പ്രവാസി റിയാദ്​

റിയാദ്: ചാർട്ടേഡ് വിമാനങ്ങളിൽ മടങ്ങുന്ന പ്രവാസികൾ വിദേശത്തുനിന്നും കോവിഡ് പരിശോധന നടത്തിയിരിക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനം പ്രവാസികളോട് ചെയ്യുന്ന കൊടും ക്രൂരതയാണെന്ന് പ്രവാസി സാംസ്കാരിക വേദി റിയാദ് സെൻട്രല്‍ കമ്മിറ്റി. 

രോഗ ബാധിതര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെങ്കില്‍ ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒരു തവണ ടെസ്റ്റ് നടത്തി പോസിറ്റീവ് ആയവര്‍ക്ക് രണ്ടാമതൊന്ന് ടെസ്റ്റ് ചെയ്യാന്‍ പോലും അവസരമില്ലാത്ത അവസ്ഥയാണ്. അവരോടാണ് 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്ത റിസള്‍ട്ട് വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 

മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ കഷ്ടപ്പെടുന്ന, ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന, രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന പ്രവാസി ഉള്ളത് നുള്ളിപ്പെറുക്കി നാടണയാന്‍ ശ്രമിക്കുമ്പോള്‍ ക്വാറന്‍റീന് പണം ആവശ്യപ്പെട്ടും ടെസ്റ്റ് നടത്താന്‍ നിര്‍ബന്ധിച്ചും ബുദ്ധിമുട്ടിക്കുകയാണ് സര്‍ക്കാര്‍. 
ആവശ്യത്തിന് വിമാനങ്ങള്‍‍ ഏര്‍പ്പെടുത്താതെയും അധിക തുക നല്‍കി ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പോകാന്‍ ശ്രമിക്കുമ്പോള്‍ അനുമതി നല്‍കാതെയും തടസ്സങ്ങല്‍ സൃഷ്ടിച്ചും പ്രവാസി ദ്രോഹവുമായി കേന്ദ്ര സര്‍ക്കാര്‍ ഒരു വശത്ത്. കരുതലിനെക്കുറിച്ച് വാർത്താസമ്മേളനങ്ങളില്‍ പൊള്ള വര്‍ത്തമാനങ്ങള്‍ പറഞ്ഞും ടെസ്റ്റിന് നിര്‍ബന്ധിച്ചും പണം പിടിച്ചുപറിച്ചും കേരള സര്‍ക്കാര്‍ മറുവശത്ത്. പ്രവാസികളോടുള്ള വഞ്ചനാപരമായ നിലപാടാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടേത്. 

മാനസികമായി തളര്‍ന്നിരിക്കുന്ന പ്രവാസികളെ കൂടുതല്‍ വലിയ സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളിവിടുകയാണ് പുതിയ സാഹചര്യം. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. ടെസ്റ്റിനും ക്വാറന്‍റീനും സൗകര്യമൊരുക്കി പിറന്ന നാട്ടില്‍ ഉറ്റവര്‍ക്കടുത്തെത്താന്‍ പ്രവാസികള്‍ക്ക് സൗകര്യമൊരുക്കുകയുമാണ് ആത്മാർഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ചെയ്യേണ്ടത്. ദ്രോഹകരമായ തീരുമാനങ്ങളില്‍ നിന്ന് സര്‍ക്കാറിനെ പിന്‍തിരിപ്പിക്കും വരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പ്രവാസി സംഘടനകള്‍ തയ്യാറാകണമെന്നും പ്രവാസി റിയാദ് പ്രസ്താവനയില്‍ പറഞ്ഞു.

Tags:    
News Summary - government must review decision -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.