റിയാദ്: സൗദി അറേബ്യക്കുള്ളിൽ സർവിസ് നടത്തുന്നതിനള്ള വ്യവസ്ഥകൾ ലംഘിക്കുന്ന വിദേശ ട്രക്കുകൾക്കെതിരെ പൊതുഗതാഗത അതോറിറ്റി കർശന നടപടി തുടങ്ങി. നിയമംലംഘിച്ച് രാജ്യത്തിനുള്ളിൽ ചരക്ക് കടത്തുന്ന വിദേശ ട്രക്കുകൾക്കെതിരെ പിഴ ചുമത്തലുൾപ്പടെയുള്ള ശിക്ഷാനടപടികൾ ആരംഭിച്ചതെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
അടുത്തിടെ പ്രാബല്യത്തിൽ വന്ന റോഡുകളിലെ ഭൂതല ഗതാഗത സംവിധാനത്തിന്റെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. 10,000 റിയാൽ മുതൽ 50 ലക്ഷം റിയാൽ വരെയുള്ള പിഴയും രണ്ടാഴ്ച മുതൽ രണ്ട് മാസം വരെ തടവും ട്രക്ക് പിടിച്ചെടുക്കലുമാണ് ശിക്ഷയായി ഉണ്ടാകുമെന്ന് അതോറിറ്റി വിശദീകരിച്ചു. നിയമലംഘനം ആവർത്തിച്ചാൽ ട്രക്ക് കണ്ടുകെട്ടും. സൗദികളല്ലാത്ത ഡ്രൈവർമാരെ നാടുകടത്തുമെന്നും അതോറിറ്റി പറഞ്ഞു.
എല്ലാ കക്ഷികളും സ്ഥാപനങ്ങളും രാജ്യത്തെ നഗരങ്ങൾക്കുള്ളിലോ അതിനിടയിലോ ഗതാഗതത്തിനായി വിദേശ ട്രക്കുകളുമായി കരാർ ഉണ്ടാക്കരുതെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു. ഇത് അതോറിറ്റിയുടെ ലൈസൻസുള്ള ലോക്കൽ ട്രക്കുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. വിദേശ ട്രക്കുകളുടെ ജോലി രാജ്യത്തിന് പുറത്തുനിന്ന് ഒരു നിർദിഷ്ട അറൈവൽ സിറ്റിയിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിനോ അല്ലെങ്കിൽ തിരികെ അതേ നഗരത്തിൽനിന്നോ മടങ്ങുന്ന റൂട്ടിലുള്ള നഗരങ്ങളിൽനിന്നോ വന്ന രാജ്യത്തേക്ക് ചരക്ക് കൊണ്ടുപോകുന്നതിനോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും അതോറിറ്റി സൂചിപ്പിച്ചു.
എല്ലാ വിദേശ ട്രക്കുകളും ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്നും ആവശ്യമായ ലൈസൻസുകൾ നേടുന്നതിന് ഔദ്യോഗിക വകുപ്പുകളുമായി ബന്ധപ്പെടണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
നിയന്ത്രണ വ്യവസ്ഥക്കുള്ളിൽ ജോലിയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനും രാജ്യത്തിലെ ഗതാഗത മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമാക്കാനുമാണിതെന്നും അതോറിറ്റി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.