ജിദ്ദ: ഐക്യരാഷ്ട്രസഭയിൽ ഇസ്രായേലിന്റെ അംഗത്വം താൽക്കാലികമായി നിർത്തിവക്കുന്നതിനുള്ള ഏകോപിത നടപടിയുടെ ആവശ്യകതയെ ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ അടിവരയിട്ടു. 57 അറബ്, മുസ്ലിം രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒ.ഐ.സി) ജിദ്ദ ആസ്ഥാനത്ത് സമാപിച്ച വിദേശകാര്യ മന്ത്രിമാരുടെ 21-ാമത് അസാധാരണ സമ്മേളനത്തിലാണ് ഈ ആവശ്യം ഉയർന്നത്. ഇസ്രായേലിനെതിരെ നിയമപരവും ഫലപ്രദവുമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഗസ്സ മുനമ്പിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേലി അധിനിവേശ സേന വംശഹത്യ പോലുള്ള കുറ്റകൃത്യങ്ങൾ തുടർന്നും ചെയ്യുന്നതിനാൽ, അംഗത്വ നിബന്ധനകളുടെ ലംഘനം കണക്കിലെടുത്ത് യു.എൻ ചാർട്ടറുമായി ഇസ്രായേലിന്റെ അംഗത്വത്തിന്റെ പൊരുത്തത്തെക്കുറിച്ച് കൂടുതൽ പഠനം നടത്തണമെന്ന് വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ ശിക്ഷാ ഇളവ് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുക, നിലവിൽ നടന്നുവരുന്ന നിയമ ലംഘനങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും ഇസ്രായേലിനെ ഉത്തരവാദിയാക്കുക, ഇസ്രായേലിന് മേൽ ഉപരോധം ഏർപ്പെടുത്തുക, ഇസ്രായേലിലേക്കുള്ള ആയുധങ്ങൾ, വെടിമരുന്ന്, സൈനിക സാമഗ്രികൾ എന്നിവയുടെ വിതരണം, കൈമാറ്റം അല്ലെങ്കിൽ ഗതാഗതം നിർത്തുക, ജൂത രാജ്യവുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ അവലോകനം ചെയ്യുക എന്നിവയും വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു.
ഇസ്രായേൽ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നീ കുറ്റകൃത്യങ്ങൾക്ക് തുല്യമാണെന്നും അന്താരാഷ്ട്ര ക്രിമിനൽ നിയമപ്രകാരം ഇതിനെല്ലാം ഉത്തരവാദിത്തവും പ്രോസിക്യൂഷനും ആവശ്യമാണെന്നും അസാധാരണ സെഷൻ ഊന്നിപ്പറഞ്ഞു.
അധിനിവേശ ശക്തിയായ ഇസ്രായേൽ 1948 ലെ വംശഹത്യ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള കൺവെൻഷൻ ലംഘിച്ചുവെന്നതിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യവും, ഫലസ്തീനിൽ ഇസ്രായേൽ ചെയ്തതും തുടർന്നും ചെയ്യുന്നതുമായ വംശഹത്യ കുറ്റകൃത്യങ്ങൾക്ക് ആ രാജ്യം ഉത്തരവാദിയാണെന്ന് ഉറപ്പാക്കാൻ കോടതി പുറപ്പെടുവിച്ച ഉപദേശക അഭിപ്രായത്തിനായുള്ള തുടർനടപടികളും സമ്മേളനം ഊന്നിപ്പറഞ്ഞു.
അടുത്ത മാസം നടക്കാനിരിക്കുന്ന യു.എൻ പൊതുസഭ യോഗങ്ങളിൽ ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് അസാധാരണമായ ഒരു സെഷൻ നടത്താനും, ഈ വിഷയത്തിൽ ഫലസ്തീനുമായി ഏകോപിപ്പിക്കാൻ കൗൺസിലിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളെ ചുമതലപ്പെടുത്താനും വിദേശകാര്യ മന്ത്രിമാർ യു.എൻ സുരക്ഷ കൗൺസിലിനോട് ആവശ്യപ്പെട്ടു.
ഏതെങ്കിലും കാരണത്താൽ ഫലസ്തീൻ ജനതയെ കുടിയിറക്കാൻ ലക്ഷ്യമിട്ടുള്ള ഗസ്സ മുനമ്പിൽ അധിനിവേശവും സമ്പൂർണ സൈനിക നിയന്ത്രണവും ഏർപ്പെടുത്താനുള്ള ഇസ്രായേലിന്റെ പദ്ധതിയെ സമ്മേളനം പൂർണമായും തള്ളിക്കളയുകയും ശക്തമായി അപലപിക്കുകയും ചെയ്തു. 'ഗ്രേറ്റർ ഇസ്രായേൽ വിഷൻ' എന്ന ഇസ്രായേൽ പ്രധാനമന്ത്രി നടത്തിയ നിരുത്തരവാദപരവും ധാർഷ്ട്യപൂർണവുമായ പ്രസ്താവനകളെ മന്ത്രിമാർ ശക്തമായി അപലപിക്കുകയും നിരസിക്കുകയും ചെയ്തു. ഇത് തീവ്രവാദം, പ്രകോപനം, രാഷ്ട്രങ്ങളുടെ പരമാധികാരത്തിനെതിരായ ആക്രമണം, അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ലംഘനം, പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഗുരുതരമായ ഭീഷണി എന്നിവയായി കണക്കാക്കി.
നിയമവിരുദ്ധമായ അധിനിവേശം ബലപ്രയോഗത്തിലൂടെ നേടിയെടുക്കാനുള്ള ഒരു ശ്രമമായും മന്ത്രിമാർ ഇതിനെ കണക്കാക്കി. പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ ഈ നിയമവിരുദ്ധ നടപടികൾ, അന്താരാഷ്ട്ര മാനുഷിക നിയമം, മനുഷ്യാവകാശങ്ങൾ, പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങൾ, അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ട ഉപദേശക അഭിപ്രായം, താൽക്കാലിക നടപടികൾ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം, അഭയാർഥികളെ അവരുടെ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവരിക, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ജറുസലേം തലസ്ഥാനമാക്കി 1967 ജൂൺ നാലിന് സ്വതന്ത്രവും പരമാധികാരവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക തുടങ്ങിയ അവരുടെ അനിഷേധ്യമായ അവകാശങ്ങൾക്കുള്ള പിന്തുണ തുടങ്ങിയവ വിദേശകാര്യ മന്ത്രിമാർ വീണ്ടും ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.