ഈത്തപ്പഴ കയറ്റുമതിയിൽ മുന്നേറ്റം: പോയ വർഷം കയറ്റുമതി മൂല്യം 1.2 ബില്യൺ റിയാൽ

യാംബു: ഈത്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ മുന്നേറി സൗദി അറേബ്യ. ഇന്റർനാഷനൽ ട്രേഡ് സെന്ററിന്റെ 'ട്രേഡ് മാപ്പ്' അനുസരിച്ച് 2021 ലെ ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. 2021 ൽ സൗദി ഈത്തപ്പഴ വിപണി 1.2 ബില്യൺ റിയാൽ മൂല്യം രേഖപ്പെടുത്തി ട്രേഡ് മാപ്പ് റാങ്കു നേടാൻ കഴിഞ്ഞത് വൻ മുന്നേറ്റമായി വിലയിരുത്തുന്നു. കഴിഞ്ഞ വർഷം121.5 കോടി റിയാലിന്റെ ഈത്തപ്പഴമാണ് സൗദി 113 വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയുടെ ഏറ്റവും ഉയർന്ന വാർഷിക വളർച്ച നിരക്ക് 12.5% ആയതായി അധികൃതർ അറിയിച്ചു.

ഈ നേട്ടത്തിനും ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നതിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടിയതിനും യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സൗദി അറേബ്യയെ അഭിനന്ദിച്ചു. എണ്ണ ഇതര കയറ്റുമതി വർധിപ്പിക്കുന്നതിനും ഈന്തപ്പനകളുടെ നടീലിലും ഉൽപാദനം മെച്ചപ്പെടുത്തുന്നതിലും തൊഴിൽ സമ്പ്രദായം വികസിപ്പിച്ചെടുക്കുന്നതിലും രാജ്യം കൈവരിച്ച നേട്ടത്തിന്റെ ഫലമാണിതെന്ന് നാഷനൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ് സ് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഈന്തപ്പന കൃഷിയിലും അവയുടെ വൈവിധ്യമാർന്ന വിപണന രീതികൾക്കും കയറ്റുമതി സംവിധാനങ്ങൾക്കും രംഗത്തു വന്ന എല്ലാവരെയും അതോറിറ്റി അഭിനന്ദിച്ചു.

സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് വികസനവും സുസ്ഥിരതയും വഴി ഈത്തപ്പഴ മേഖല വികസിപ്പിക്കുക എന്നത്. ഈ മേഖലയിൽ ഉണ്ടായ മഹത്തായ നേട്ടം രാജ്യത്തെ കാർഷിക മേഖലയിൽ കൈവരിച്ച മികവ് പ്രകടമാക്കുന്നതാണ്. രാജ്യത്തെ ഈന്തപ്പനകളുടെയും ഈത്തപ്പഴങ്ങളുടെയും മൂല്യം ഏകദേശം 7.5 ബില്യൺ റിയാലിലെത്തിയതായി അതോറിറ്റി വിലയിരുത്തുന്നു.

കാർഷിക മൊത്ത ഉൽപന്നത്തിന്റെ 12 ശതമാനവും എണ്ണ ഇതര മൊത്ത ഉൽപന്നത്തിന്റെ 0.4 ശതമാനവും.ഈത്തപ്പഴ വിപണിയിലൂടെയാണ്. രാജ്യത്തെ ഏകദേശം ഈന്തപ്പനകളുടെ എണ്ണം 33 ദശലക്ഷത്തിലെത്തിയതായും കാർഷിക മന്ത്രാലയം വ്യക്തമാക്കി.ഇത് ലോകത്തിലെ മൊത്തം ഈന്തപ്പനകളുടെ 27 ശതമാനമാണെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Date exports up by 1.2 billion riyals last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.