കോവിഡ് വ്യാപനം; ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി

ജിദ്ദ: കോവിഡ് വീണ്ടും വ്യാപിച്ചതിനെത്തുടർന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ താൽക്കാലിക വിലക്കേര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്ക്, ഇസ്വാതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വിസുകൾക്കാണ് വിലക്കേർപ്പെടുത്തിയത്.

ഈ രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിക്കേണ്ടിവരും. ഇവിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതോടെ നിലവിൽ സൗദിയിലേക്ക് താൽക്കാലിക യാത്രാ നിരോധം നിലനിൽക്കുന്ന രാജ്യങ്ങളുടെ എണ്ണം 11 ആയി.

തുർക്കി, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നിവയാണ് യാത്രാ നിരോധനം നേരിടുന്ന മറ്റു രാജ്യങ്ങൾ. കോവിഡ് നിയന്ത്രണ വിധേയമായതിനെത്തുടർന്ന് ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് പിൻവലിച്ച പ്രഖ്യാപനം വന്ന പിറ്റേന്നാണ്‌ സൗദി ആഭ്യന്തര മന്ത്രാലയം പുതിയ രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് പ്രഖ്യാപിച്ചത്.

ആഗോള തലത്തിൽ കോവിഡ് വ്യാപന സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശത്തെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോൾ പുതിയ രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - covid; Saudi Arabia bans flights from seven African countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.