റിയാദ്: രക്തസമ്മർദ്ദം ഉയർന്നും തലച്ചോറിൽ അണുബാധയുണ്ടായും റിയാദിലെ ആശുപത്രിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് തോക്കാട് ചെമ്മരുതി പനയറ ഗീത വിലാസത്തിൽ വേലുക്കുറുപ്പിന്‍റെ മകൻ സുരേഷ് (സലിം, 59) ഏപ്രിൽ 18നാണ് റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്. അതിന് 15 ദിവസം മുമ്പാണ് രക്തസമ്മർദ്ദം ഉയർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണത്തിലായിരുന്നു.
റിയാദ് ന്യൂ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു സ്വകാര്യ കമ്പനിയിൽ 15 വർഷമായി ജോലി ചെയ്യുകയായിരുന്നു. സൗദിയിൽ പ്രവാസിയായിട്ട് 23 വർഷമായി.
റിയാദിൽനിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദ വഴി കൊച്ചിയിൽ ഞായറാഴ്ച രാവിലെ 10ഓടെയാണ് മൃതദേഹം എത്തിച്ചത്. ബന്ധുക്കൾ കൊച്ചിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.
ഭാര്യ: പ്രസന്നകുമാരി, മക്കൾ: ആദിഷ് സുരേഷ്, ആനന്ദ് സുരേഷ്.
മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനും മൃതദേഹം നാട്ടിലയക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ഒ.ഐ.സി.സി സെൻട്രൽ കൗൺസിൽ അംഗം നാസർ കല്ലറ നേതൃത്വം നൽകി. സുരേഷിന്റെ കമ്പനിയിലെ സഹപ്രവർത്തകരായ വിപിൻ, സജി, മണി എന്നിവരും സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.