ബ്ലാക് ആൻഡ് വൈറ്റ് സൂപ്പർ കപ്പ് ഫുട്ബാൾ കിരീടവുമായി സ്പോർട്ടിങ് എഫ്.സി റിയാദ്,
റിയാദ്: രണ്ടാഴ്ച നീണ്ട എ.ബി.സി കാർഗോ - ഫ്രൻഡി ബ്ലാക്ക് ആൻഡ് വൈറ്റ് ഫുട്ബാൾ ടൂർണമെൻറിൽ കരുത്തരായ ദാറുൽബൈദയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്പോർട്ടിങ് എഫ്.സി ബ്ലാക് ആൻഡ് വൈറ്റ് സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി. 15 ടീമുകൾ അണിനിരന്ന അത്യന്തം വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ വെള്ളിയാഴ്ച അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ വെച്ചാണ് സ്പോർട്ടിങ് എഫ്.സി കിരീടമുയർത്തിയത്.
കളത്തിനകത്തും പുറത്തും നിറഞ്ഞുനിന്ന മത്സരച്ചൂടിൽ സൗദി റഫറിയായ അലി അൽ ഖഹ്ഥാനി, നിസാർ കുന്നുംപുറം, നജീബ് മാറഞ്ചേരി, നസീഫ് മാറഞ്ചേരി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. നിർണായകമായ ഫൈനൽ പോരാട്ടത്തിൽ ജിൻഷാദും ഫവാസുമാണ് ഇരു ടീമുകൾക്കുമായി ഓരോ ഗോൾ വീതം സ്കോർ ചെയ്തത്.
ആദ്യ സെമി ഫൈനലിൽ അബൂതാഹിറിെൻറ ഏക ഗോളിന് ശക്തരായ റിയൽ കേരളയെ തളച്ചാണ് ദാറുൽബൈദ ഫൈനലിലേക്ക് മുന്നേറിയത്. രണ്ടാം സെമിയിൽ ബ്ലാസ്റ്റേഴ്‌സ് വാഴക്കാടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്താണ് സ്പോർട്ടിങ് എഫ്.സി ഫൈനൽ ബെർത്ത് ഉറപ്പാക്കിയത്. ഫവാസ്, അനസ്, ഷിബിൻ ഷാ എന്നിവർ സ്പോർട്ടിങ് എഫ്.സിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ, ആഷിഖാണ് ബ്ലാസ്റ്റേഴ്‌സ് വാഴക്കാടിെൻറ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ടൂർണമെൻറിലെ മികച്ച കളിക്കാരനുള്ള അവാർഡ് ഫവാസും മികച്ച ഡിഫെൻഡറായി ഷിബിൻ ഷായും ടോപ് സ്‌കോററായി അനസും (എല്ലാവരും സ്പോർട്ടിങ് എഫ്.സി) തിരഞ്ഞെടുക്കപ്പെട്ടു. ദാറുൽ ബൈദയുടെ ഷാഹിർ ചേലക്കാടൻ മികച്ച ഗോൾ കീപ്പർ പുരസ്‌കാരവും റിയൽ കേരള എഫ്.സി മികച്ച ടീമിനുള്ള ഫെയർ പ്ലെ അവാർഡും കരസ്ഥമാക്കി.
വിജയികൾക്കുള്ള ട്രോഫികളും അവാർഡുകളും എ.ബി.സി കാർഗോ, ഫ്രൻഡി മൊബൈൽ, ബ്ലാക് ആൻഡ് വൈറ്റ് എഫ്.സി, റിഫ പ്രതിനിധികൾ എന്നിവർ ചേർന്ന് സമ്മാനിച്ചു. റഫറിമാർക്കും ടെക്നിക്കൽ കോഓഡിനേറ്റർമാർക്കുമുള്ള ഫലകങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ടൂർണമെൻറ് മികച്ച അനുഭവമാക്കി മാറ്റിയ കാണികളോടും ക്ലബ്ബുകളോടും പ്രായോജകരോടും റിയാദ് ഫുട്ബാൾ അസോസിയേഷനോടും സംഘാടക സമിതി ചെയർമാൻ ബഷീർ കാരന്തൂർ നന്ദി രേഖപ്പെടുത്തി.
റണ്ണർ അപ് ട്രോഫിയുമായി ദാറുൽബൈദ എഫ്.സി റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.