ജിദ്ദ: രാജ്യത്തെ വാഹന റിപ്പയർ വർക്ഷോപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നഗരങ്ങളുടെ ഭംഗി നിലനിർത്തുന്നതിനുമായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി മുനിസിപ്പൽ ഭവനകാര്യ മന്ത്രാലയം. പുതിയ നിയമപ്രകാരം, വർക്ഷോപ്പ് ഉടമകൾ മുനിസിപ്പാലിറ്റിയുടെ ‘ബലദി’ പ്ലാറ്റ്ഫോമിൽനിന്ന് മുനിസിപ്പൽ ലൈസൻസ് നേടുകയും കൃത്യമായ കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ ഉറപ്പാക്കുകയും വേണം.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ബോഡി വർക്ക്, ടയർ-ഓയിൽ സർവിസുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി വർക്ഷോപ്പുകളെ തരംതിരിച്ചായിരിക്കും പ്രവർത്തനാനുമതി നൽകുക. വർക്ഷോപ്പുകളുടെ നിർമാണത്തിലും ലൊക്കേഷനിലും മന്ത്രാലയം കർശനമായ സാങ്കേതിക മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത വ്യവസായ മേഖലകളിലോ നിശ്ചിത വാണിജ്യ തെരുവുകളിലോ മാത്രമേ പ്രവർത്തിക്കാനാവൂ.
വർക്ഷോപ്പ് കെട്ടിടങ്ങളുടെ മുൻഭാഗം ‘അർബൻ കോഡ്’ പാലിക്കുന്നതായിരിക്കണം. കൂടാതെ മതിയായ പാർക്കിങ് സൗകര്യം, വർക്ഷോപ്പിനുള്ളിൽ സുരക്ഷാ-അഗ്നിശമന സംവിധാനങ്ങൾ, സി.സി.ടി.വി കാമറകൾ, ലൈസൻസ് പ്രദർശിപ്പിക്കുന്നതിനുള്ള ബോർഡുകൾ എന്നിവ നിർബന്ധമാണ്. പ്രധാന പ്രവർത്തനങ്ങൾക്ക് പുറമെ അധിക സേവനങ്ങൾ നൽകുന്നുണ്ടെങ്കിൽ അത് മൊത്തം സ്ഥലത്തിന്റെ 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്നും നിബന്ധനയുണ്ട്.
പൊതുസ്ഥലങ്ങളോ നടപ്പാതകളോ കൈയേറാൻ പാടില്ലെന്നതാണ് പ്രധാന പ്രവർത്തന നിബന്ധനകളിലൊന്ന്. മാലിന്യങ്ങളും ഓയിലും സുരക്ഷിതമായ രീതിയിൽ സംസ്കരിക്കണം. ഡിജിറ്റൽ പേയ്മെന്റ് സൗകര്യം ഏർപ്പെടുത്തുന്നതിനൊപ്പം ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സേവനങ്ങളും ഉറപ്പാക്കണം.
വർക്ഷോപ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അതത് മേഖലകളിൽ പ്രഫഷനൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങൾ കണ്ടെത്താൻ മുനിസിപ്പൽ അധികൃതർ ഫീൽഡ് പരിശോധനകൾ നടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.