സൗദി അറേബ്യയിലെ ‘റെഡ് സീ’ ടൂറിസം റിസോർട്ടുകൾ
റിയാദ്: ലോകത്തിലെ ആദ്യത്തെ സമ്പൂർണ അംഗീകൃത വിനോദസഞ്ചാര കേന്ദ്രമെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച് സൗദി അറേബ്യയിലെ ‘റെഡ് സീ’ (ചെങ്കടൽ) ഡെസ്റ്റിനേഷൻ.പ്രശസ്തമായ ഫോർബ്സ് ട്രാവൽ ഗൈഡിന്റെ സമഗ്രമായ ഗുണനിലവാര പരിശോധനയിലാണ് റെഡ് സീ ഇൻറർനാഷണൽ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.വ്യക്തിഗത ഹോട്ടലുകൾക്ക് മാത്രം നൽകിവന്നിരുന്ന റേറ്റിങ് രീതിയിൽ നിന്ന് മാറി, ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ മുഴുവൻ സേവനങ്ങളെയും കോർത്തിണക്കിയുള്ള പുതിയ മൂല്യനിർണയ രീതിയാണിത്.
ഒരു വർഷം നീണ്ടുനിന്ന തന്ത്രപരമായ ആസൂത്രണത്തിനും കഠിനമായ പരിശോധനകൾക്കും ശേഷമാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്.അതിഥികളുടെ യാത്രയിലെ പ്രധാനപ്പെട്ട അഞ്ച് ഘട്ടങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മൂല്യനിർണയം. ബുക്കിങ് നടപടികൾ, വ്യോമഗതാഗതം, കര-സമുദ്ര ഗതാഗത സൗകര്യങ്ങൾ, വിനോദസഞ്ചാര അനുഭവങ്ങൾ, താമസസൗകര്യം എന്നീ ഘടകങ്ങളെയാണ് മൂല്യനിർണയത്തിന് വിധേയമാക്കിയത്.
യഥാർഥ ആഡംബരം എന്നത് സ്ഥലത്തിന്റെ ഭംഗിയിൽ മാത്രമല്ല, മറിച്ച് അതിഥിക്ക് ലഭിക്കുന്ന തടസ്സമില്ലാത്തതും മികച്ചതുമായ അനുഭവത്തിലാണെന്ന് റെഡ് സീ ഇൻറർനാഷണൽ സി.ഇ.ഒ ജോൺ പാഗാനോ പറഞ്ഞു. സേവനരംഗത്ത് തങ്ങൾ പുലർത്തുന്ന സമാനതകളില്ലാത്ത സംസ്കാരത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള ഹോസ്പിറ്റാലിറ്റി രംഗത്തെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ഫോർബ്സ് ട്രാവൽ ഗൈഡ് സി.ഇ.ഒ ഹെർമൻ എൽഗർ പ്രശംസിച്ചു.
സേവനത്തിലെ കൃത്യത, കാര്യക്ഷമത, ശുചിത്വം, ആഡംബരം, ജീവനക്കാരുടെ സാങ്കേതിക മികവ് തുടങ്ങി 182 കടുപ്പമേറിയ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ പദവി നൽകിയിരിക്കുന്നത്. കൂടാതെ, റെഡ് സീ ഡെസ്റ്റിനേഷനിലെ മൂന്ന് പ്രമുഖ റിസോർട്ടുകൾ 2026ലെ ഫോർബ്സ് 'സ്റ്റാർ അവാർഡ്സ്' പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ ലോകത്തെ മുൻനിര ആഡംബര വിനോദസഞ്ചാര ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം റെഡ് സീ കൂടുതൽ ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.