റിയാദ്: സൗദി അറേബ്യയിലെ ഹോട്ടലുകളിലും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും താമസിക്കുന്ന അതിഥികൾ സാധനങ്ങൾ മറന്നുവെച്ചാൽ അത് കൃത്യമായി സൂക്ഷിക്കണമെന്ന കർശന നിർദേശവുമായി ടൂറിസം മന്ത്രാലയം. അതിഥികൾ ഒഴിഞ്ഞുപോയ ശേഷം റൂമുകളിൽ നിന്നോ മറ്റ് പരിസരങ്ങളിൽ നിന്നോ എന്തെങ്കിലും വസ്തുക്കൾ ലഭിച്ചാൽ, സ്ഥാപനങ്ങൾ നിർബന്ധമായും ബന്ധപ്പെട്ട അതിഥികളെ വിവരം അറിയിക്കണം.
ഇത്തരത്തിൽ ലഭിക്കുന്ന വസ്തുക്കൾ കുറഞ്ഞത് 30 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാൻ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ടൂറിസം മന്ത്രാലയം പുതിയ ചട്ടങ്ങൾ വിശദീകരിച്ചത്. നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഉടമസ്ഥരെ ബന്ധപ്പെടേണ്ടതും നിശ്ചിത സമയപരിധിക്കുള്ളിൽ അവ സംരക്ഷിക്കേണ്ടതും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. രാജ്യത്തെ ടൂറിസം മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും മികച്ച അനുഭവം ഉറപ്പാക്കുക, താമസസ്ഥലങ്ങളിൽ അവരുടെ വസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയെ കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിലൂടെ സന്ദർശകരുടെ സംതൃപ്തി വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.